മന്ത്രിസഭായോഗ തീരുമാനങ്ങൾ (17/07/2025)

തോന്നയ്ക്കലിൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം തോന്നയ്ക്കലിൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് 35 കുട്ടികൾക്ക് അഡ്മിഷൻ നൽകും. പുതുതായി ഒരു യു.പി.എസ്.എ തസ്തിക സൃഷ്ടിക്കും. ഓരോന്നു വീതം ഓഫീസ് അറ്റൻഡന്റ്, വാച്ച്‌മാൻ, മെയിൽ/ഫീമെയിൽ വാർഡൻ, മെയിൽ/ഫീമെയിൽ ആയ, അസിസ്റ്റന്റ് കുക്ക്, പാർട്ട് ടൈം സാനിറ്റേഷൻ വർക്കർ എന്നിങ്ങനെ 6 അനധ്യാപക തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
പലിശയും മറ്റ് പിഴകളും ഒഴിവാക്കും
കെഎസ്ആർടിസി, കെടിഡിഎഫ്സിയ്ക്ക് നൽകാനുള്ള ഹ്രസ്വകാല, ദീർഘകാല വായ്പകളിൽ ബാക്കി നിൽക്കുന്നതിൽ പലിശയും മറ്റ് പിഴകളും ചേർത്ത് ആകെ 436,49,00,000 രൂപ ഒഴിവാക്കി നൽകും.
പട്ടികവർഗ്ഗ വീടുകളുടെ വൈദ്യുതീകരണം
പട്ടികവർഗ്ഗ വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ധർത്തി ആബ ജൻ ജാതീയ ഗ്രാം ഉത്കർഷ് അഭിയാനിൽ (DA-JGUA) ഉൾപ്പെട്ട 1097 വീടുകളും റീവാമ്പ്ഡ് ഡിസ്ട്രീബ്യൂഷൻ സെക്ടർ സ്കീം (RDSS) അഡീഷണൽ പ്രപ്പോസൽ പ്രകാരമുള്ള 40 വീടുകളും ഉൾപ്പെടെ സംസ്ഥാനത്തെ 1137 വീടുകളുടെ വൈദ്യുതീകരണത്തിനുള്ള ശുപാർശ അംഗീകരിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തെ അറിയിക്കാൻ തീരുമാനിച്ചു.
കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 43.65 കോടി രൂപ
തിരുവനന്തപുരം പൊഴിയൂർ കൊല്ലംകോട്, കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 43.65 കോടി രൂപയുടെ തത്വത്തിലുള്ള അംഗീകാരം. നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ച് (NCCR) ഡിസൈൻ അംഗീകരിച്ച 1.2 കിലോമീറ്റർ ഭാഗത്താണ് പ്രവൃത്തി നടക്കുക. ചെല്ലാനം പദ്ധതിയിൽ അവലംബിച്ച മാതൃകയിൽ PMU/കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് KIIDC യെ SPV ആയി ചുമതലപ്പെടുത്തി KIIFB മുഖാന്തരം ഫണ്ട് ലഭ്യമാക്കും.
ടെണ്ടർ അംഗീകരിച്ചു
Improvements to Puthusseribhagom-Thattarupadi-Erathu-Vayala Road പ്രവൃത്തിയ്ക്ക് 4,35,96,753 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിൽ തസ്തിക
കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിൽ സൂപ്രണ്ടിന്റെ ഒരു തസ്തിക സൃഷ്ടിച്ച് പൊതുഭരണ വകുപ്പിന് കീഴിലുള്ള സെക്ഷൻ ഓഫീസറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. അസിസ്റ്റന്റ്, സ്റ്റെനോ-ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ്, കാഷ്വൽ സ്വീപ്പർ തസ്തികകളിൽ കരാർ/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താൻ സ്റ്റേറ്റ് മെൻ്റൽ ഹെൽത്ത് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അനുമതിയും നൽകി.
പാട്ട നിരക്ക് പുതുക്കി
നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകർമ്മ ചെറുതുരുത്തി എന്ന സ്ഥാപനത്തിന് പാട്ടത്തിന് നൽകിയിരുന്ന തൃശൂർ ചെറുതുരുത്തി വില്ലേജിലെ 2.0984 ഹെക്ടർ ഭൂമിയുടെ പാട്ടം പുതുക്കി നൽകും. 25.5.2021 മുതൽ 25 വർഷത്തേയ്ക്ക് കൂടി പ്രതിവർഷം ആറൊന്നിന് 100 രൂപാ നിരക്കിലാണ് നൽകുക. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമെന്നത് കണക്കിലെടുത്താണിത്.
തസ്തിക
കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ മൂന്ന് ടൂറിസ്റ്റ് ഓഫീസർ തസ്തികകൾ നിർത്തലാക്കി ഒരു ലെയ്‌സൺ ഓഫീസർ തസ്തിക സൃഷ്ടിക്കും.