ഇരവിപേരൂരില്‍ വയോജനങ്ങള്‍ക്കായി സുഖായുഷ്യം പദ്ധതി

post

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി സുഖായുഷ്യം പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് വയോജനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള സായംപ്രഭ ക്ലബ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുകയാണ്. ഇതിലെ അംഗങ്ങളെ ഉദ്ദേശിച്ചാണ് പദ്ധതി. വയോജനങ്ങള്‍ക്ക് കോവിഡ് രോഗ പ്രതിരോധം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്നാണ് നിര്‍വഹണം. 

അംഗന്‍വാടി തലത്തില്‍ രണ്ടായി പ്രാഥമിക പരിശോധന നടത്തി ഒരോരുത്തര്‍ക്കും ആവശ്യമായ ആയുര്‍വേദ മരുന്നുകള്‍ അടങ്ങിയ കിറ്റുകള്‍ ലഭ്യമാക്കും. പഞ്ചായത്തിലെ 27 അംഗന്‍വാടികളിലും സായംപ്രഭ എന്ന പേരില്‍ വയോജന ക്ലബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍നിന്ന് പരിശോധനയില്‍ കണ്ടെത്തുന്ന 1000 ഓളം വയോജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കഴിഞ്ഞ വര്‍ഷം വയോജനങ്ങള്‍ക്കായുള്ള വിനോദയാത്രയും, മെഡിക്കല്‍ ക്യാമ്പും, കലോത്സവവും ഉള്‍പ്പെടെ വേറിട്ട പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ് ഇരവിപേരൂരിലെ സായംപ്രഭ.

സുഖായുഷ്യത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മണ്ണുപുറത്ത് 15-ാം നമ്പര്‍ അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അനസൂയാദേവി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ്, മെമ്പര്‍ വി.കെ. ഓമനകുട്ടന്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഡോ.പ്രിയേഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുജകുമാരി, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളായ ഡോ. ബി. ഹരികുമാര്‍, ഡോ.രശ്മി, ഡോ.ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.