ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്ത കുട്ടികള്‍ പ്രഥമ അധ്യാപകരുമായി ബന്ധപ്പെടണം

post

പത്തനംതിട്ട : ജില്ലയില്‍ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട്  സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ പ്രഥമ അധ്യാപകരുമായി ബന്ധപ്പെടണമെന്ന് ജില്ലാതല വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം അഭ്യര്‍ഥിച്ചു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എം.എസ് രേണുക ഭായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓണ്‍ലൈന്‍ പഠന സൗകര്യം എല്ലാവര്‍ക്കും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ കെ.ജെ ഹരികുമാര്‍ അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 

ജില്ലയ്ക്ക് പുറത്തുള്ള  വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അതത് പഞ്ചായത്ത് ചുമതലയുള്ള സമഗ്ര ശിക്ഷയുടെ അധ്യാപകരുമായി ബന്ധപ്പെടണം. ജൂണ്‍ 13 ന് അകം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം  ഉറപ്പുവരുത്താന്‍  പ്രഥമ അധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍  അടിയന്തരമായി ഇടപെടുന്നതിന്റെ ഭാഗമായി ഹെല്‍പ് ഡസ്‌ക്കുകള്‍ സജ്ജമാക്കും. ഓണ്‍ലൈന്‍ പഠനസൗകര്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും, ആവശ്യങ്ങള്‍ക്കും പ്രഥമ അധ്യാപകര്‍ക്ക് ഉപജില്ല, ജില്ലാ തലത്തിലെ ഹെല്‍പ്പ് ഡസ്‌ക്കുമായി ബന്ധപ്പെടാം. 

 സമഗ്ര ശിക്ഷ അഭിയാന്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഏതാനും പൊതു ഇടങ്ങളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനം  ഉടന്‍ തന്നെ ഒരുക്കും. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്ള എല്ലാ കുട്ടികളും സ്വന്തം വീടുകളിലോ  പൊതു ഇടങ്ങളിലോ മറ്റ് ഏതെങ്കിലും കേന്ദ്രങ്ങളിലോ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണം. ഇതിനു സാധിക്കാത്തവര്‍ക്ക്  പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് ലാപ്‌ടോപ്, എല്‍സിഡി സംവിധാനത്തിലൂടെ കാണിക്കുന്നതിന് സ്‌കൂളുകള്‍ മുന്‍കൈ എടുക്കും. ഉപജില്ല വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ പ്രഥമ അധ്യാപകരുടെ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സുകള്‍ ജൂണ്‍ 12നും ജൂണ്‍ 13നും നടക്കും. മാര്‍ഗരേഖ അനുസരിച്ചുള്ള ചുമതലകള്‍ യോഗത്തില്‍ അവതരിപ്പിക്കും. 

പൊതുഇടങ്ങളില്‍ പഠന സൗകര്യം ഏര്‍പ്പെടുത്തിയ എല്ലാ കേന്ദ്രങ്ങളിലും അടുത്തുള്ള വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചു നല്‍കും. ഓണ്‍ലൈന്‍ പഠനത്തില്‍ ഏര്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും അക്കാദമിക് പിന്തുണ അധ്യാപകരില്‍ നിന്ന് ലഭിക്കുന്നുവെന്ന് പ്രഥമ അധ്യാപകര്‍ ഉറപ്പാക്കും. ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാത്ത കുട്ടികളെ ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതിനും പഠന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ക്രമീകരണം ചെയ്യും.

ജില്ലാ പ്രോജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ കെ വി അനില്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, ഡയറ്റ്, കൈറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു