ഇനിയും അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശം

post

ഇടുക്കി : ദേശീയപാതയിലും സംസ്ഥാനപാതയിലും ഇനിയും അപകട നിലയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ദേശീയപാതാ അതോറിറ്റിക്കും  പൊതുമരാമത്തു വകുപ്പിനും വനംവകുപ്പിനും നിര്‍ദേശം നല്‍കി. മഴ കനത്തുവരുന്ന  ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അവലോകനയോഗത്തിലാണ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇക്കാര്യം പരാമര്‍ശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും എഡി എം ആന്റണി സ്‌കറിയയും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഈ മൂന്നുവിഭാഗങ്ങളും ഇതുവരെ കണ്ടെത്തിയ അപകടനിലയിലുള്ള മരങ്ങള്‍ ഇതിനകം മുറിച്ചുമാറ്റിക്കഴിഞ്ഞു.

 സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങളനുസരിച്ച് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു. അപകടനിലയിലുള്ള റോഡുകളില്‍ മഴക്കാലത്ത് ഗതാഗതം നിയന്ത്രിത തോതിലാക്കണം. കഴിവതും രാത്രി യാത്ര തടയണം. തൊടുപുഴ റൂട്ടില്‍ കഴിഞ്ഞ പ്രളയക്കാലയളവുകളില്‍ മണ്ണിടിഞ്ഞ ഭാഗത്തു വേരു തെളിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ ഉടന്‍ മുറിച്ചു മാറ്റാന്‍ വനംവകുപ്പിനു നിര്‍ദേശം നല്‍കി.

 മഴക്കാല ദുരന്തങ്ങള്‍ നേരിടുന്നതിനു പോലീസും ആരോഗ്യ വകുപ്പും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെ മറ്റു വകുപ്പുകളും പൂര്‍ണ സജ്ജരാണെന്ന് പ്രതിനിധികള്‍ അറിയിച്ചു.

 തൊടുപുഴയിലെ വെള്ളക്കെട്ട് യോഗം ചര്‍ച്ച ചെയ്തു. മുമ്പ് വെള്ളം സുഗമമായി പൊയ്ക്കൊണ്ടിരുന്ന പ്രധാന തോടുകള്‍ കാലങ്ങളായി നടക്കുന്ന കയേറ്റം മൂലം ശോഷിച്ചു. ഓടകള്‍ മുഴുവന്‍ വൃത്തിയാക്കിക്കഴിഞ്ഞു. ഓടകളില്‍ പ്ളാസ്റ്റിക് കുപ്പികളും ചാക്കുകളുമാണ് തടസമുണ്ടാക്കുന്നത്. ഇവ മാറ്റുന്തോറും പിന്നെയും എത്തുന്നു. ഇത്തരം സാധനങ്ങള്‍ ഓടകളില്‍ വലിച്ചെറിയാതിരിക്കാന്‍ പൊതുജനങ്ങളും വ്യാപാരികളും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ജില്ലയിലെ എല്ലാ ടൗ്ണുകളിലും വെള്ളക്കെട്ട് പരമാവധി ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണം.

 ഇപ്പോള്‍ ക്ളാസുകളില്ലെങ്കില്‍പ്പോലും സ്‌കൂള്‍ കെട്ടിടങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാലയ പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.