എല്‍.ഇ.ഡി. ചലഞ്ചുമായി യുവജന ക്ഷേമ ബോര്‍ഡ്

post

പണം കൊവിഡ് നിധിയിലേക്ക്

ഇടുക്കി: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സിന്റെ ജില്ലയിലെ വോളന്റിയര്‍മാര്‍ എല്‍.ഇ.ഡി. ചലഞ്ച് എന്ന  സംരംഭത്തിന് തുടക്കമിട്ടു. കോവിഡ് 19 മായി ബന്ധപ്പെട്ട് യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എല്‍.ഇ.ഡി. നിര്‍മ്മാണത്തിലൂടെ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിനായുള്ള എല്‍.ഇ.ഡി. ചലഞ്ച്. ഇതിന്റെ ഭാഗമായി എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മ്മിച്ച് പൊതു വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വോളന്റിയര്‍മാര്‍ക്ക് ബള്‍ബ് നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന അസംസ്‌കൃത സാധനങ്ങള്‍ ഉപയോഗിച്ചാണ് എല്‍.ഇ.ഡി. ബള്‍ബിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. ആവശ്യക്കാരേറെയുള്ള 9 വാട്ട് ബള്‍ബുകളാണ് ആദ്യഘട്ടമായി നിര്‍മ്മിച്ച് യുവ എല്‍.ഇ.ഡി. ബള്‍ബ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നത്. പഞ്ചായത്ത് തല യൂത്ത് കോര്‍ഡിനേറ്റര്‍മാരും കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങളും ചേര്‍ന്നാണ് ഈ ബള്‍ബുകളുടെ വിപണനം നടത്തുന്നത്.

ബള്‍ബ് വിപണിയില്‍ എത്തിക്കുന്നതിലൂടെ സമാഹരിക്കുന്ന തുക കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിതാണ് ഇപ്പോഴത്തെ തീരുമാനം. ഈ പ്രവര്‍ത്തനം ഒരു തുടര്‍ പ്രക്രിയയായി  നിര്‍മാണ യൂണിറ്റുകള്‍ വഴി  യുവജനങ്ങള്‍ക്ക്  വരുമാന മാര്‍ഗം കണ്ടെത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മുതല്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റയിനില്‍  ഉള്ള ആളുകളുടെ പരിചരണം വരെ ജില്ലയിലെ യൂത്ത് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഇപ്പോഴും തുടരുന്നുണ്ട്.