ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1000 കിടക്കകള്‍കൂടി സ്ഥാപിക്കും

post

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി ഏറ്റെടുത്തിട്ടുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 15 ദിവസത്തിനുള്ളില്‍ 1000 കിടക്കകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. പെരുനാട് കാര്‍മ്മല്‍ എഞ്ചിനീയറിംഗ് കോളേജ്, നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ് കെട്ടിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

കാര്‍മ്മല്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലുകളിലായി 500 കിടക്കകളും നിലയ്ക്കലില്‍ ഏറ്റെടുത്തിട്ടുള്ള നാല് കെട്ടിടങ്ങളിലായി 350 കിടക്കകളും ഉള്‍പ്പെടുത്തി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കും. ജില്ലയില്‍ ഇതുവരെ മൂന്നു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 200 പേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ രണ്ടു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഇവിടെ 150 കിടക്കകള്‍ തയ്യാറാക്കും. ഇവയ്ക്കു പുറമേയാണു പുതുതായി രണ്ടു സ്ഥലങ്ങള്‍ കൂടി കണ്ടെത്തിയത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് പുറമേ പുതുതായി തുടങ്ങുന്ന നാലു സെന്ററുകളിലായാണ് ആയിരം കിടക്കകള്‍ തയ്യാറാകുന്നത്.  

കോവിഡ് പോസിറ്റീവാകുകയും എന്നാല്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുകയും ചെയ്യുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉപയോഗിക്കുകയെന്നും  ജില്ലാ കളക്ടര്‍ പറഞ്ഞു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതിലൂടെ കോവിഡ് ആശുപത്രികളായി മാറ്റിയിട്ടുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് ഗുരുതരമാകുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ സാധിക്കും.