ജില്ലയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റുകള്‍ ഇന്നു മുതല്‍

post

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക വ്യാപന സാധ്യത പരിശോധിക്കുന്നതിനായുള്ള റാപ്പിഡ് ആന്റി ബോഡി ടെസ്റ്റുകള്‍ ജില്ലയില്‍  ഇന്നു മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 500 ടെസ്റ്റ് കിറ്റുകളാണ് ജില്ലയ്ക്ക് ലഭിച്ചിട്ടുള്ളത്. പൊതുസമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങളില്‍ നിന്നും  റാന്‍ഡമായി തെരഞ്ഞെടുത്തവര്‍ക്കാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത്. ഇതിനായി അഞ്ച് പ്രധാന മേഖലകളിലായി 11 കാറ്റഗറി വിഭാഗങ്ങള്‍ തിരിച്ചിട്ടുണ്ട്.  ആദ്യ ഗ്രൂപ്പില്‍ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാര്‍, ഇതര ആശുപത്രികളിലെ ജീവനക്കാര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ ദിനത്തില്‍ ഇവര്‍ക്കാണ് ടെസ്റ്റ് നടത്തുക. പോലീസ്, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി , റേഷന്‍ കടകള്‍ , ജനകീയഹോട്ടല്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപെടുന്നവര്‍, അതിഥി തൊഴിലാളികള്‍,  നിരീക്ഷണത്തിലുള്ളവര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്  മറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍ ഉള്‍പ്പെടുന്ന നാലു ടീമുകളെയാണ് ജില്ലയില്‍ ടെസ്റ്റ് നടത്താന്‍ നിയോഗിച്ചിട്ടുള്ളത്. ഓരോ താലൂക്കിലും ഓരോ ലാബ് ഇതിനായി പ്രത്യേകം സജ്ജീകരിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭിക്കുമെന്നതാണ് ആന്റിബോഡി ടെസ്റ്റിന്റെ പ്രത്യേകത.

ജില്ലയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ കലക്ടേറ്റില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി,  തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സിസിലി ജോസ്, എസ്.പി പി.കെ.മധു, ഡി എം ഒ ഡോ.എന്‍. പ്രിയ, ഡെപ്യൂട്ടി ഡി എം ഒ ഡോ.സുഷമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.കുര്യാക്കോസ്, ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ.നവാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ അജേന്ദ്രന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി, ഡി എം ഒ (ഐ എസ് എം) ഡോ.കെ. പി. ശുഭ, ജോസ് കുഴികണ്ടം  തുടങ്ങിയവര്‍ പങ്കെടുത്തു.