രണ്ട് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 25 പ്രവാസികള്‍

post

ഇടുക്കി: ജൂണ്‍ 4, 5 തീയതികളില്‍ ആറ് രാജ്യങ്ങളില്‍ നിന്നായി 25 പ്രവാസികള്‍ ഇടുക്കിയിലെത്തി. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് 21 പുരുഷന്‍മാരും നാല് വനിതകളുമെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇവരെ വീടുകളിലും വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും ക്വാറന്റൈനിലാക്കി. 

കുവൈറ്റില്‍ നിന്ന് രണ്ട് വനിതകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണെത്തിയത്. ഒരാളെ ചെങ്കളം മേഴ്‌സി ഹോസ്പിറ്റല്‍ ക്വാര്‍ട്ടേഴ്‌സിലും മറ്റ് രണ്ട് പേരെ തൊടുപുഴയിലെ രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. ഒമാനില്‍ നിന്നും ഒമ്പത് പുരുഷന്‍മാരാണെത്തിയത്. ഇവരില്‍ മൂന്ന് പേരെ തൊടുപുഴയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. നാല് പേരെ അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. രണ്ട് പേരെ കൊച്ചിയിലെത്തിയ ശേഷം ഫോണില്‍ ബന്ധപ്പെടാനായില്ല. ഇവരുടെ അഡ്രസ് ഉള്‍പ്പടെയുള്ള വിവരം ആരോഗ്യ വകുപ്പിന് കൈമാറി. ഖത്തറില്‍ നിന്നും അഞ്ച് പുരുഷന്‍മാരാണെത്തിയത്. ഇവരെയെല്ലാവരെയും മൂലമറ്റം അക്ക്വാട്ടിക് സെന്ററിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. ബഹ്‌റിനില്‍ നിന്നും രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം നാല് പേരാണ് നാട്ടിലെത്തിയത്. ഇവരില്‍ ഒരാള്‍ അടിമാലിയില്‍ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലാണ് പ്രവേശിച്ചത്. മൂന്ന് പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൗട്ടില്‍ നിന്നും മൂന്ന് പുരുഷന്‍മാരാണെത്തിയത്. ജിബൗട്ടി - മുംബൈ - കൊച്ചി ചാര്‍ട്ടര്‍ ഫ്‌ലൈറ്റിലാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരില്‍ ഒരാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഒരാള്‍ വൈറ്റിലയില്‍ പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിച്ചു. മൂന്നാമത്തെയാളെ കോട്ടയം കോതനല്ലൂരില്‍ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലാണ് പ്രവേശിപ്പിച്ചത്. ഇറാഖിലെ ബസ്രയില്‍ നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയ്യാള്‍ കൊച്ചിയില്‍ പെയ്ഡ് ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിച്ചു.

സ്വദേശത്തേയ്ക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിക്കണം

കോവിഡ്- 19  ലോക്ക് ഡൗണ്‍ മൂലം ജില്ലയില്‍ അകപ്പെട്ടുപോയ അതിഥി തൊഴിലാളികളും മറ്റുള്ളവരും സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ വിവരം എത്രയും വേഗം കലക്ട്രേറ്റിലെ ജില്ലാ അടിയന്തര കാര്യ നിര്‍വ്വഹണ കേന്ദ്രത്തിലെ താഴെ പറയുന്ന ഫോണ്‍നമ്പരുകളിലോ ഇമെയിലിലോ അറിയിക്കേണ്ടതാണ്. പേര്, അഡ്രസ്, വയസ്, സ്ത്രീ / പുരുഷന്‍, മൊബൈല്‍ നമ്പര്‍, സ്വദേശ ജില്ല, സംസ്ഥാനം, ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ താമസിക്കുന്ന സ്ഥലം എന്നീ വിവരങ്ങളും നല്‍കണം. 

ഫോണ്‍ നമ്പര്‍- 04862 232459, 233130, 9383 463 036

ഇമെയില്‍:- covid19guestlaboursidk@gmail.com