കൊറോണ ഭീതിയിലും തളരാതെ ജില്ലാ പാലിയേറ്റീവ് സേനയുടെ സേവന സന്നദ്ധത

post

ഇടുക്കി: കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലാ പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ജില്ലയില്‍ 52 രണ്ട് പഞ്ചായത്തുകളിലും രണ്ട് മുന്‍സിപ്പാലിറ്റികലിളും  ആയി 54 പ്രാഥമിക യൂണിറ്റ് നഴ്‌സുമാരും, 13 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും 6 മേജര്‍ ആശുപത്രികളിലും, ഹോമിയോ പാലിയേറ്റീവ് വിഭാഗത്തിലും ആയി 22 സ്റ്റാഫ് നഴ്‌സുമാരും 14 ഫിസിയോതെറാപ്പിസ്റ്റുമാരും, ഒരു ജില്ലാ  കോഓര്‍ഡിനേറ്റര്‍ എന്നിവര്‍ പാലിയേറ്റീവ് പരിചരണത്തില്‍ ജോലി ചെയ്തുവരുന്നു. 

ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും ജില്ലാ പ്രോഗ്രാം മാനേജരുടെയുടെയും പാലിയേറ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫീസറുടെയും നേതൃത്വത്തില്‍ കാര്യക്ഷമമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍  നടത്തുന്നത്. പാലിയേറ്റീവ് പരിചരണത്തില്‍ രജിസ്റ്റര്‍ചെയ്ത് പരിചരണം ആവശ്യമുള്ള  പതിനായിരത്തോളം രോഗികള്‍ക്ക് കുറ്റമറ്റ പരിചരണം നല്‍കാന്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ  ഭാഗമായി മാര്‍ച്ച് 25  തീയതി മുതല്‍ തൊടുപുഴ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കും പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കുമായി പാലിയേറ്റീവ് കെയര്‍ ജില്ലാതല ടെലി മെഡിസിന്‍ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു. പാലിയേറ്റീവ് കെയര്‍ പരിശീലനം ലഭിച്ചിട്ടുള്ള അല്‍ അസര്‍ മെഡിക്കല്‍ കോളേജിലെ 6 ഡോക്ടര്‍മാര്‍ ടെലിമെഡിസിന്‍ യൂണിറ്റില്‍ പ്രവര്‍ത്തിച്ചുവരുന്നു. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ഫോണ്‍ കോള്‍ വഴിയും, വാട്‌സാപ്പ് വീഡിയോ കോള്‍ വഴിയും ഡോക്ടര്‍മാരുമായി രോഗ വിവരങ്ങളും അവയുടെ ചികിത്സ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുന്നു. 

ജില്ലാ പഞ്ചായത്ത്  2020-21 സാമ്പത്തിക വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി ഡയാലിസിസ് ചെയ്യുന്ന 320 രോഗികള്‍ക്ക്  23 ആശുപത്രികളുമായി ബന്ധപ്പെട്ട് ഡയാലിസിസ് സഹായം ചെയ്തു വരുന്നു. ബി.പി.എല്‍. ആയിട്ടുള്ള രോഗികള്‍ക്ക്  എല്ലാ ഡയാലിസിസും പരമാവധി  1500 രൂപ വരെയും, എ.പി.എല്‍. വിഭാഗം രോഗികള്‍ക്ക്  ആഴ്ചയില്‍ ഒരു ഡയാലിസിസ് എന്ന രീതിയില്‍ ഏപ്രില്‍ 9 മുതല്‍ സഹായം ചെയ്തു വരുന്നു. പ്രസ്തുത പദ്ധതിയുടെ കാലാവധി ജൂണ്‍ പതിനഞ്ചാം തീയതി വരെ ഉണ്ട്. 

വൃക്ക, കരള്‍ മാറ്റ ശസ്ത്രക്രിയക്ക്  വിധേയമായിട്ടുള്ള 98 രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ വാങ്ങി നല്‍കാന്‍ പാലിയേറ്റീവ് വിഭാഗം ടെലി മെഡിസിന്‍ യൂണിറ്റിന് കഴിഞ്ഞു.  പദ്ധതിക്ക് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടാണ് നേതൃത്വം വഹിക്കുന്നത്. ജില്ലയില്‍ മോര്‍ഫിന്‍ ഗുളിക കഴിക്കുന്ന  മുഴുവന്‍ രോഗികള്‍ക്കും  നാളിതുവരെ മുടങ്ങാതെ  ഗുളിക വീട്ടില്‍ എത്തിച്ച് നല്‍കുന്നുണ്ട്. മരുന്നുകള്‍ രോഗികള്‍ക്ക് വീട്ടില്‍ എത്തിച്ച് നല്‍കുവാന്‍ ജില്ലയിലെ പോലീസ്  ഉദ്യോഗസ്ഥരുടെ സഹായവും ഉപയോഗപ്പെടുത്തുന്നു. 

ഓരോ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പാലിയേറ്റീവ് കെയര്‍ കമ്മ്യൂണിറ്റി നേഴ്‌സുമാരുടെ നേതൃത്വത്തില്‍ അഭിനന്ദനാര്‍ഹമായ  പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ലോക് ഡൗണ്‍ കാലഘട്ടത്തിലും തങ്ങളുടെ വരവിനെ കാത്തിരിക്കുന്ന രോഗികളുടെ അടുക്കലേക്ക് സാന്ത്വനവുമായി എത്തുവാന്‍ ഓരോ നഴ്‌സുമാര്‍ക്കും കഴിയുന്നു. ഹോസ്‌പോര്‍ട് പ്രദേശത്തെ വീടുകളില്‍ പോലും ഓരോ രോഗികള്‍ക്കും വളരെ കൃത്യനിഷ്ഠയോടെ സാന്ത്വന പരിചരണം നല്‍കുവാന്‍  ഓരോ നേഴ്‌സുമാരും കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു. കിടപ്പുരോഗികളുടെ വീട്ടില്‍ ചെന്നാണ്  ഇവരുടെ പരിചരണം. മൂത്രം പോകുന്നതിനുള്ള ട്യൂബ് മാറല്‍, മുറിവുകളുടെ പരിചരണം തുടങ്ങി കിടപ്പുരോഗികള്‍ക്ക് വേണ്ട എല്ലാ പരിചരണങ്ങളും പ്രാഥമിക യൂണിറ്റ് നഴ്‌സുമാര്‍ പരാതികളേതുമില്ലാതെ ചെയ്തുവരുന്നു. 

ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ പോലും പലര്‍ക്കും ലഭിക്കുന്നില്ലെന്നത് യാതാര്‍ഥ്യമാണ്. ശമ്പളം പോലും കൃത്യമായി ലഭികുന്നില്ല. എങ്കിലും പാലിയേറ്റീവ് പരിചരണത്തില്‍ യാതൊരു കുറവും വരുത്തുന്നില്ല. ഇവരോടൊപ്പംതന്നെ സെക്കണ്ടറി യൂണിറ്റ് നഴ്‌സുമാരും ഫിസിയോ തെറാപ്പിസ്റ്റ്മാരും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായിരുന്നു. ടെലി മെഡിസിന്‍ യൂണിറ്റ് പ്രവര്‍ത്തനം മുതല്‍ താഴെ തട്ടില്‍ അടിസ്ഥാനപരമായി  രോഗികള്‍ക്ക് ലഭിക്കേണ്ട പരിചരണം വരെ  ലഭ്യമാക്കുവാന്‍ എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് കഴിയുന്നത്.