ചിപ്പന്‍കുഴി - സായിപ്പിന്‍കുഴി കോളനികളിലെ കുട്ടികള്‍ക്ക് സഹായവുമായി ജനീഷ് കുമാര്‍ എംഎല്‍എ

post

പത്തനംതിട്ട : സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥന്‍മണ്ണ് ചിപ്പന്‍കുഴി കോളനിയിലും, മൂഴിയാര്‍ സായിപ്പിന്‍കുഴി കോളനിയിലും താമസക്കാരായ കുട്ടികള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ മുടങ്ങില്ല. കോളനികള്‍ സന്ദര്‍ശിച്ച കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വീടുകളില്‍  വൈദ്യുതിയും, സ്ട്രീറ്റ് ലൈറ്റും ഉടന്‍ നല്‍കാന്‍  നിര്‍ദേശം നല്‍കി. തിങ്കളാഴ്ച എല്ലാ കുട്ടികള്‍ക്കും ഡിടിഎച്ച് കണക്ഷനോടുകൂടി ടെലിവിഷന്‍ നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ താമസിക്കുന്ന കോളനികള്‍ സീതത്തോട് പഞ്ചായത്തിലെ രണ്ട്, ഒന്‍പത് വാര്‍ഡുകളിലാണ് സ്ഥിതി ചെയ്യുന്നത്.

      എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, ഇലക്ട്രിസിറ്റി, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളുമാണ് കോളനി സന്ദര്‍ശിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വീടുകള്‍ വൈദ്യുതീകരിച്ചു എങ്കിലും ബില്ല് അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കണക്ഷന്‍ കട്ടു ചെയ്യുകയും, തുടര്‍ന്ന് കാലക്രമേണ വയറിംഗ് നശിച്ചുപോകുകയും ചെയ്തു. ഇലക്ട്രിസിറ്റിബോര്‍ഡ് ഉദ്യോഗസ്ഥരും, സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് എല്ലാ വീടുകളും വയറിംഗ് നടത്തി നല്‍കാനും, അടിയന്തിരമായി വൈദ്യുതി കണക്ഷന്‍ നല്‍കാനും എംഎല്‍എ നിര്‍ദേശം നല്‍കി. പട്ടികവര്‍ഗ വകുപ്പ് കുടിശികയുള്ള തുക വൈദ്യുതി വകുപ്പിന് നല്‍കണമെന്നും, തുടര്‍ന്നു വരുന്ന ബില്ലുകള്‍ അടയ്ക്കണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കി.

       എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുള്ള എല്ലാ കുടുംബങ്ങളിലും എംഎല്‍എ തിങ്കളാഴ്ച തന്നെ ടിവി നല്‍കും. ഡിടിഎച്ച് കണക്ഷനും എംഎല്‍എ തന്നെ എത്തിച്ചു നല്‍കും.  ഗ്രാമ പഞ്ചായത്തംഗം വി.എസ്.സുമേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ജി.അശോക് കുമാര്‍, കെഎസ്ഇബി കക്കാട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.വി.സുരേഷ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജി തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.