ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദം: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമെന്ന് ജില്ലാ കളകടര്‍ പി.ബി.നൂഹ് പറഞ്ഞു. ജനങ്ങള്‍ക്ക് കുറച്ചു ദൂരം സഞ്ചരിച്ചാല്‍ അദാലത്തില്‍ പങ്കെടുക്കുന്നതിന് വീടിന് അടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ എത്താം. ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ ഓഫീസുകളില്‍ ഇരുന്ന് അദാലത്തില്‍ പങ്കെടുക്കാം. ഇതിനു ശേഷം ഉദ്യോഗസ്ഥര്‍ക്ക് സമയം നഷ്ടപ്പെടുത്താതെ ഓഫീസിലെ ജോലി ചെയ്യുകയും ചെയ്യാമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന താലൂക്ക്തല അദാലത്തുകള്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍ മുഖേന നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ അദാലത്ത് കോന്നി താലൂക്കില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് തുടക്കമിട്ടത്. ജില്ലാ കളക്ടര്‍ കളക്ടറേറ്റിലും പരാതിക്കാര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലും ഉദ്യോഗസ്ഥര്‍ അവരവരുടെ ഓഫീസുകളിലും ഇരുന്നാണ് ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്തത്. വയോജനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള അദാലത്ത് പ്രയോജനപ്പെട്ടത്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എത്തിയ അതിരുങ്കല്‍ സ്വദേശിനിയുടെ പരാതി പരിഹരിക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ട് സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്ന് രണ്ടുമാസമായി ലഭ്യമാകുന്നില്ലെന്നും പണം നല്‍കി പുറത്തു നിന്നും വാങ്ങുന്നതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നുമുള്ള അരുവാപ്പുലം സ്വദേശിയുടെ പരാതി പരിഹരിക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കി. മകള്‍ക്കായി എടുത്ത വിദ്യഭ്യാസവായ്പ തിരിച്ചടയ്ക്കുന്നതിന് സാവകാശം നല്‍കണമെന്നും, പലിശയില്‍ ഇളവു നല്‍കണമെന്നും അഭ്യര്‍ഥിച്ച് പ്രമാടം അക്ഷയ കേന്ദ്രത്തിലെത്തിയ പ്രമാടം സ്വദേശിയുടെ പരാതി പരിഹരിക്കുന്നതിന് ജില്ലാ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. ആനയുടെ ആക്രമണത്തില്‍ വീടിന് നാശനഷ്ടം സംഭവിച്ചതിന് ധനസഹായം ലഭിച്ചില്ലെന്ന ചിറ്റാര്‍ സ്വദേശിയുടെ പരാതി പരിഹരിക്കുന്നതിന് വനംവകുപ്പിനെ ചുമതലപ്പെടുത്തി.

വസ്തു പേരില്‍ കൂട്ടന്നതിനുള്ള തടസങ്ങള്‍, വന്യമൃഗങ്ങളുടെ ആക്രമണം, കൃഷിനശിപ്പിക്കല്‍ തുടങ്ങിയവയില്‍ നിന്നുള്ള സംരക്ഷണം, വസ്തു - വഴി തര്‍ക്കങ്ങള്‍, വീട്, പ്രകൃതിക്ഷോഭം, വൈദ്യുതി കണക്ഷന്‍, റേഷന്‍ കാര്‍ഡ്, റോഡ് , ചികില്‍സാ ധനസഹായം, പെന്‍ഷന്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ എത്തിയത്.

 അദാലത്തില്‍ 22 പരാതികള്‍ പരിഹരിച്ചു. ബാക്കിയുള്ള പരാതികള്‍ പരിഹരിക്കുന്നതിന് സമയം വേണ്ടിവരുന്നതിനാല്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. അക്ഷയ കേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്ത 36 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. കോന്നി താലൂക്കിലെ പരാതി രജിസ്റ്റര്‍ ചെയ്ത എട്ട് അക്ഷയകേന്ദ്രങ്ങളിലും പരാതിക്കാര്‍ അവരവര്‍ക്ക് നിര്‍ദേശിച്ചിരുന്ന കൃത്യ സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പരാതികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍ ഇരുന്ന്  വിശദീകരണങ്ങള്‍ നല്‍കി.

എഡിഎം അലക്‌സ് പി തോമസ്, ഡെപ്യുട്ടി കളക്ടര്‍മാരായ എസ്.എല്‍. സജി കുമാര്‍, ജെസിക്കുട്ടി മാത്യു, കോന്നി തഹസീല്‍ദാര്‍  കെ. ശ്രീകുമാര്‍, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, എന്‍ഐസി ഓഫീസര്‍ ജിജി ജോര്‍ജ്,  വില്ലേജ് ഓഫീസര്‍മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.