അഡ്ലക്സിലെ കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ മന്ത്രി സന്ദർശിച്ചു

post

കൊച്ചി:അഡ്ലക്സ് എക്സിബിഷൻ സെന്ററിൽ പ്രവർത്തനമാരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ മന്ത്രി വി.എസ്.സുനിൽകുമാർ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. 200 പേർക്ക് ഒരേ സമയം ചികിത്സ നൽകാവുന്ന സെന്റർ ചൊവ്വാഴ്ചയോടെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി അറിയിച്ചു. കാറ്റഗറി എ വിഭാഗത്തിൽ പെട്ടവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. 75 സ്ത്രീകൾക്കും 125 പുരുഷന്മാർക്കും ചികിത്സ നൽകാവുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിഭാഗങ്ങളിലായാണ് കിടക്കകൾ ഒരുക്കിയിരിക്കുന്നത്.

രണ്ട് ഡോക്ടർമാരുടെയും എട്ട് സ്റ്റാഫ് നഴ്സുമാരുടെയും സേവനമുണ്ടാകും. ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ധരിക്കാനും മാറുന്നതിനും പ്രത്യേക മുറികൾ വേറെ ഒരുക്കിയിട്ടുണ്ട്. രോഗികളുടെ സ്രവം പരിശോധനക്കെടുക്കാനുള്ള സംവിധാനവും ഉണ്ട്.

ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് പോസിറ്റീവ് ആയ രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. രോഗികൾ ലക്ഷണങ്ങൾ കൂടുതൽ പ്രകടിപ്പിക്കുകയും ആരോഗ്യനിലയിൽ മാറ്റവും വന്നാൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. രോഗികൾക്കുള്ള ഭക്ഷണം സ്വകാര്യ കാറ്ററിംഗ് സർവീസുകൾ വഴിയാണ് എത്തിക്കുക. ചികിത്സയിൽ ഉള്ളവർക്ക് ടെലിവിഷൻ കാണുന്നതിനുള്ള സൗകര്യവും സൗജന്യ വൈഫൈ സൗകര്യവും ഹാളിൽ ഒരുക്കിയിട്ടുണ്ട്.