അടിമാലിയില്‍ ആഴ്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു

post

ഇടുക്കി : കര്‍ഷകര്‍ക്ക് കൈതാങ്ങായി അടിമാലി ഗ്രാമപഞ്ചാത്തില്‍ ആഴ്ച്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു. അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് സമീപം ക്രമീകരിച്ചിട്ടുള്ള ചന്തയുടെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9 മണി മുതല്‍ ചന്ത തുറന്ന് പ്രവര്‍ത്തിക്കും. അടിമാലി ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍  ഇടനിലക്കാരില്ലാതെ വില്‍പ്പന നടത്താന്‍ ആഴ്ച്ച ചന്തയിലൂടെ  സധിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഇനം വിത്തുകളുടെ വില്‍പ്പനക്കും ആഴ്ച്ച ചന്തയെ പ്രയോജനപ്പെടുത്താം.വില്‍പ്പനക്കൊപ്പം ആവശ്യക്കാര്‍ക്ക് കര്‍ഷകരുടെ പക്കല്‍ നിന്നും ഗുണനിലവാരമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും ആഴ്ച്ച ചന്ത പ്രയോജനകരമാകും.ചന്തയുടെ ആദ്യ ദിനം തന്നെ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വില്‍പ്പനക്കായി എത്തിച്ചിരുന്നു.

വരും ആഴ്ച്ചകളില്‍ യാത്രാക്ലേശമുള്ള മേഖലകളില്‍ നിന്നും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ചന്തയിലെത്തിക്കാന്‍ ഗതാഗത സൗകര്യമേര്‍പ്പെടുത്തുന്ന കാര്യവും പഞ്ചായത്തിന്റെ പരിഗണനയിലാണ്.സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണ നല്‍കുന്ന കര്‍ഷകര്‍ക്ക് ആഴ്ച്ച ചന്തയുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രോത്സാഹനമാകും. ചന്തയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ കര്‍ഷകര്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും തണല്‍വൃക്ഷത്തൈകളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എം. പി വര്‍ഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ കെ.എസ് സിയാദ്, തമ്പി ജോര്‍ജ്, അജിതാമോഹനന്‍, ബിനു ചോപ്ര, പഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.