വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തില്‍ പച്ചതുരുത്ത് രണ്ടാം ഘട്ടത്തിന് തുടക്കമായി

post

ഇടുക്കി:  വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തില്‍ പച്ചതുരുത്ത് പദ്ധതി  രണ്ടാം ഘട്ടം   ഉദ്ഘാടനം വാഴത്തോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്ര അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പാലോസ് നിര്‍വഹിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് പച്ചപ്പ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഇവിടെയാരംഭിച്ചത്. കേന്ദ്രത്തിന്റെ  അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വൃക്ഷതൈ നട്ടു. പരിപാടിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ വിഎം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്, ഹരിതകേരളം മിഷന്‍, തൊഴിലുറപ്പ്, സാമൂഹ്യ വനവത്കരണം തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കുക എന്ന ലക്ഷ്യത്തോടെ 2019 ജൂണില്‍ ഹരിതകേരളം മിഷന്‍ ആരംഭിച്ച  പച്ചത്തുരുത്ത് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇന്നാരംഭിച്ചത്.  തരിശു ഭൂമിയില്‍ ജൈവവൈവിധ്യത്തിന്റെ പച്ചപ്പൊരുക്കാനുള്ള ഹരിത കേരളം മിഷന്റെ നൂതനാശയമാണ് പച്ചത്തുരുത്ത് പദ്ധതി. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്.

ചടങ്ങില്‍ ബ്ലോക്ക്  പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ടിന്റു സുബാഷ്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് കെഎം ജലാലുദ്ദീന്‍, പഞ്ചായത്തംഗങ്ങളായ അമ്മിണി ജോസ്, അമല്‍ എസ് ജോസ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.ജിഎസ് മധു,  സാമൂഹ്യ വനവത്കരണം ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സാബി വര്‍ഗീസ്, തൊഴിലുറപ്പ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് ജോര്‍ജ് സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സാബു വര്‍ഗീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അരുണ്‍ എസ്, വാഴത്തോപ്പ് പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സിബി ജോര്‍ജ്ജ്, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു