സുഭിക്ഷ കേരളം: ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി

post

ഇടുക്കി : കോവിഡ്- 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനത്തില്‍   ഇടുക്കി മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നടന്നു. ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് , യുവ കര്‍ഷകനായ അലന് മാവിന്‍തൈ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.  കൊറോണ വൈറസ് മനുഷ്യകുലത്തെ പിടിച്ചുലയ്ക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വത്തിനും അന്തരീക്ഷ മലിനീകരണം ഒഴിവാക്കേണ്ടതിനും വലിയ പ്രാധാന്യമുണ്ട്. അതു കൊണ്ടു തന്നെ കൂട്ടായ പരിശ്രമത്തിലൂടെ, നടുന്ന തൈകള്‍ പരിപാലിച്ചും പ്രകൃതിയെ സംരക്ഷിച്ചും മുന്നോട്ടുപോകേണ്ടത് അനിവാര്യമാണെന്ന് എം.പി. പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളും കൃഷിഭവനുകളും മുഖേന ജില്ലയിലാകെ 21 ഇനങ്ങളിലുള്ള ഒരു ലക്ഷത്തിലധികം ഫലവൃക്ഷ തൈകളാണ് ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നത്. റോഷി അഗസ്റ്റിന്‍ എം.എല്‍.എ വിതരണോദ്ഘാടനത്തിന് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതമാശംസിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍.വി.എം,  കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍,  ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് ജോര്‍ജ് സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സാബു വര്‍ഗീസ്, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ്.മധു, ഡോ.സുജിത്ത് സുകുമാരന്‍, ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു