പരിസ്ഥിതി സംരക്ഷിക്കുമെന്ന ദൃഢനിശ്ചയവുമായി ജില്ലാ പോലീസ്

post

പത്തനംതിട്ട: പ്രകൃതിയും ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കുക എന്നത് പോലീസിന്റെ കൂടി കടമയാണെന്നും, അതിനായി ദൃഢനിശ്ചയമെടുക്കേണ്ട അവസരമാണിതെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ലോക പരിസ്ഥിതിദിനത്തില്‍ ജില്ലാപോലീസ് ഓഫീസ് പരിസരത്ത്  തണല്‍മരത്തിന്റെ തൈ നട്ടശേഷം സംസാരിക്കുകയായിരുന്നു ജില്ലാപോലീസ് മേധാവി. 

പരിസ്ഥിതി ഏറ്റവും ഭീഷണിയുള്ള സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രകൃതിക്കുമേല്‍ മനുഷ്യന്‍ അപകടകരമാംവിധം കടന്നുകയറ്റം നടത്തുകയാണ്. പ്രകൃതിവിഭവങ്ങള്‍ വരുംതലമുറയ്ക്ക് കൂടി നീക്കിവയ്ക്കണമെന്ന ദീര്‍ഘവീക്ഷണമില്ലാതെ സ്വാര്‍ഥമായി ചൂഷണം ചെയ്യുകയാണ്. വായുവും ജലവും ഭൂമിയും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ശുദ്ധവായു ശ്വസിക്കാന്‍ ജീവജാലങ്ങള്‍ക്ക് നിര്‍ബാധം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വൃക്ഷലതാദികള്‍ ഏവരെയും സേവിക്കുമ്പോള്‍ നാം ചെയ്യുന്നത് ദ്രോഹങ്ങളും അക്രമവും മാത്രം. സഹജീവികളോടും സ്വാര്‍ഥതയുടെ കൊടുംക്രൂരതകള്‍ കാട്ടുകയാണ് മനുഷ്യന്‍. 

       സൂര്യനില്‍ നിന്നുള്ള അപകടകരമായ കിരണങ്ങളെ തടുത്തുനിര്‍ത്തി ജീവജാലങ്ങളെ സംരക്ഷിക്കുന്ന ഓസോണ്‍പാളിക്ക് തുടര്‍ച്ചയായി വിള്ളല്‍ വീഴ്ത്തുംവിധമുള്ള മലിനീകരണം ആപത്കരമായ നിലയിലെത്തിയിരിക്കുന്നു. ഇതിനെല്ലാം പരിഹാരമായി ഭൂമിയെ കുടചൂടിക്കുന്നതിന് മരങ്ങള്‍ വച്ചുപിടിപ്പിക്കുക എന്ന പുണ്യപ്രവൃത്തി ശീലമാക്കണം. അതിനുള്ള തുടക്കമാവട്ടെ പരിസ്ഥിതി ദിനാചരണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. 

ഓരോവര്‍ഷവും ജില്ലാപോലീസ് മേധാവിമാരും,  മറ്റ് പോലീസ് ഉദ്യോഗസ്ഥരും നട്ട ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും എന്നും നിലനിര്‍ത്തപ്പെടേണ്ടതാണെന്നും, അവയൊക്കെ പരിപാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ജില്ലാപോലീസ് മേധാവി ഓര്‍മിപ്പിച്ചു. പൗരനെന്ന നിലയ്ക്കു പോലീസ് ഉദ്യോഗസ്ഥരുടെ കടമയാണിത്. പുതിയമരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതോടൊപ്പം, പരിസരം വൃത്തിയായും ആകര്‍ഷകമായും സൂക്ഷിക്കേണ്ടതാണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. 

ജില്ലാപോലീസ് ഓഫീസ്, ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍, എ ആര്‍ ക്യാമ്പ്, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍, മറ്റ് പോലീസ് ഓഫീസുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ വച്ചുപിടിപ്പിക്കുന്നതിനായി 250 ഓളം ഫലവൃക്ഷതൈകളും മറ്റുചെടികളും  ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഇവ നട്ടുപിടിപ്പിച്ചു. പേര, റംബൂട്ടാന്‍, നാരകം, പ്ലാവ്, ചീമനെല്ലി, രക്തചന്ദനം തുടങ്ങി പത്തോളം ഇനം തൈകള്‍ എത്തിച്ചിരുന്നു. ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ടിന്റെ ചുമതലവഹിക്കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ്കുമാര്‍, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, വനിതാസെല്‍ ഇന്‍സ്പെക്ടര്‍ ഉദയമ്മ എന്നിവരും ജില്ലാപോലീസ് മേധാവിക്കൊപ്പം വൃക്ഷതൈകള്‍ നട്ടു