ഇളമണ്ണൂര്‍-കല്ലുംകടവ് റോഡ് നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കണം: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

post

പത്തനംതിട്ട : സംസ്ഥാന പാതയായ കെപി റോഡിലെ ഇളമണ്ണൂര്‍ മുതല്‍ കല്ലുംകടവ് വരെയുള്ള  റോഡ് നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കണമെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശം നല്‍കി. റോഡ് നിര്‍മാണം സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

        കോന്നി നിയോജക മണ്ഡലത്തിലെ ഈ ഭാഗത്തിന് 6.5 കിലോമീറ്റര്‍ നീളമുണ്ട്. കെ പി റോഡില്‍ അടൂര്‍ മുതല്‍ പത്തനാപുരം വരെയുള്ള ഭാഗത്തെ റോഡ് നിര്‍മാണത്തിന് 5.45 കോടി രൂപയാണ് ചെലവഴിക്കുന്നത്. ബിസി ഓവര്‍ലെ ടാറിംഗ് ആണ് നടത്തുന്നത്. ഇളമണ്ണൂര്‍ - കലഞ്ഞൂര്‍-പാടം റോഡും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് നടത്തി നവീകരിക്കുകയാണ്. ഇതോടു കൂടി ഏനാദിമംഗലം പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന പ്രധാന റോഡുകളെല്ലാം ഉന്നത നിലവാരത്തിലാകും.

        ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജഗോപാല്‍, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.റസീന, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ എം.ജി. മുരുകേഷ് കുമാര്‍, ഓവര്‍സിയര്‍ ടിജുകുമാര്‍ തുടങ്ങിയവരും എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.