പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്

post

ഇടുക്കി: ലോക പരിസ്ഥിതി ദിനത്തില്‍ പച്ചതുരുത്ത് പദ്ധതിക്ക് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുസ്ഥലങ്ങളുള്‍പ്പെടെ തരിശ് ഭൂമിയില്‍ തനതായ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പച്ചതുരുത്ത് പദ്ധതി. കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്സും, നങ്കിസിറ്റി എസ്.എന്‍. ഹൈസ്‌കൂള്‍ എസ്.പി.സി. യൂണിറ്റും ഹരിതകേരളം മിഷന്റയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമി കൃഷി യോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തില്‍ ആരംഭിച്ചു.

പച്ചതുരുത്ത് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രാജേശ്വരി രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് പൗലോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ ഗോപി, വാര്‍ഡ് മെമ്പര്‍ ഷീബ ജയന്‍, കഞ്ഞിക്കുഴി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെടര്‍ വര്‍ഗീസ് അലക്സാണ്ടര്‍, സബ് ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍, അദ്ധ്യാപകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.