ഉപദേശിക്കടവ് പാലം: 23.73 കോടി രൂപയ്ക്ക് സര്‍ക്കാരിന്റെ പ്രത്യേക അനുമതി

post

പത്തനംതിട്ട: കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാ നദിയുടെ കുറുകെ, ഉപദേശിക്കടവില്‍ പാലം പണിയുന്നതിന് 23.73 കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേക അനുമതിയും (Adminitsration Sanction and Special Sanction) ലഭ്യമായതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.

2019 ഡിസംബര്‍ ആറിലെ 1436/2019/ പിഡബ്ല്യുഡി- നമ്പര്‍ ഉത്തരവ് പ്രകാരമാണ് അനുമതി ലഭ്യമായിട്ടുള്ളത്. 271.50 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും പാലം നിര്‍മിക്കാനാണ് രൂപകല്‍പന തയാറാക്കിയിട്ടുള്ളത്. ഇതില്‍ ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയും ഉണ്ടാവും. പൈലുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കാനാണ് പദ്ധതി. വളഞ്ഞവട്ടം ഭാഗത്ത് 50 മീറ്ററും പരുമല ഭാഗത്ത് 2.1 കി.മീറ്ററും സമീപന പാതയും നിര്‍മിക്കേണ്ടി വരും.

പാലം നിര്‍മാണം, അപ്രോച്ച് റോഡുകളുടെ നിര്‍മാണവും സംരക്ഷണഭിത്തി കെട്ടലും, ഇലക്ട്രിക് പോസ്റ്റുകളുടെ മാറ്റി സ്ഥാപിക്കല്‍, ഭൂമി ഏറ്റെടുക്കല്‍, ജല അതോറിറ്റി പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങി ആവശ്യമായ മുഴുവന്‍ കാര്യങ്ങളും പണികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി എംഎല്‍എ പറഞ്ഞു. 2019 - 2020 ലെ ബജറ്റില്‍ 20 ശതമാനം തുക ഉള്‍ക്കൊള്ളിച്ച് ഉപദേശിക്കടവ് പാലം പ്രഖ്യാപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനകാര്യ വകുപ്പിന്റെ പ്രത്യേക പരിഗണനയോടെയാണ് അനുമതികള്‍ ലഭ്യമായതെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു.