സർക്കാർ, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റീസ് ട്രെയിനിം​ഗ്

post

സംസ്ഥാനത്തെ വിവിധ സർക്കാർ / പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും ചേ‍ർന്ന് 28 ന് രാവിലെ 9 ന് പാലക്കാട് പോളിടെക്നിക് കോളേജിൽ വച്ച് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്പിയാർഡ്, ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി, എഫ് എ സി ടി, ഡിപി വേൾഡ്, കെ എസ് ഇ ബി, ബി എസ് എൻ എൽ, കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, കൊച്ചി ഇന്റ‍ർനാഷണൽ എയർപോർട്ട്, കണ്ണൂർ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കും. ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം, ബിബിഎ, ബിസിഎ, നഴ്സിങ്, ബി.ഫാം, ഡി.ഫാം, ഹോട്ടൽ മാനേജ്‌മെന്റ്‌ തുടങ്ങിയ കോഴ്സുകൾ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

താൽപര്യമുള്ളവ‍ർ എസ്.ഡി സെന്ററിൽ രജിസ്റ്റ‍ർ ചെയ്ത് കഴിഞ്ഞതിനു ശേഷം ഇ മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പുകളും ബയോഡാറ്റയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്മെന്റ്‍ സെന്ററിൽ 26 നു മുൻപായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.sdcentre.org, 0484 2556530, sdckalamassery@gmail.com.