സഹായഹസ്തം പദ്ധതി: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും

post

എറണാകുളം: കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ കീഴില്‍ ജില്ലയ്ക്ക് 181 കോടിരൂപയാണ് അനുവദിച്ചത്.

പദ്ധതി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനായി ജില്ലയിലെ എല്ലാ ബാങ്കുളുടെയും പ്രതിനിധികളുടെ യോഗം അടുത്തയാഴ്ച വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. 166 കോടിരൂപയുടെ വായ്പാ അപേക്ഷകള്‍ ജില്ലയിലെ വിവിധ ബാങ്കുകളിലായി ലഭിച്ചിട്ടുണ്ട്.

പദ്ധതിയുടെ കീഴില്‍ വിവിധ ബാങ്കുകള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. അര്‍ഹരായ എല്ലാവര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലയില്‍ സഹായഹസ്തം പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് സര്‍വ്വീസ് സഹകരണ ബാങ്കാണ്. കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എസ്. രഞ്ജിനി, ലീഡ് ബാങ്ക് മാനേജര്‍ സി. സതീഷ്, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.