ദുരന്തങ്ങള്‍ കരുതലോടെ നേരിടാം

post

ഇടുക്കി : എല്ലാ തയ്യാറെടുപ്പുകളോടും കൂടി ദുരന്തങ്ങള്‍ കരുതലോടെ നേരിടാന്‍ സജ്ജമായി ദുരന്ത നിവാരണ സേന.  മെയ് 28 മുതല്‍ ജൂണ്‍ 03 വരെ  ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.  രണ്ട് പഞ്ചായത്തുകളില്‍ നിന്നായി 40 പേരെ വീതം പങ്കെടുപ്പിച്ച് 27 ലധികം പരിശീലനങ്ങളാണ് ജില്ലയില്‍ നടത്തിയത്.

വാഴത്തോപ്പ് , വാത്തികുടി പഞ്ചായത്തുകളിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ചെറുതോണി ടൗണ്‍ ഹാളില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ വിഎം  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എം ജലാലുദ്ദീന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഇടുക്കി ഫയര്‍ ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് കെവി, സീനിയര്‍ ഫയര്‍ ഫോഴ്‌സ് ഓഫീസര്‍  ബിജു പി ജേക്കബ്  എന്നിവര്‍  ക്ലാസ്സെടുത്തു.  മഴക്കാലത്തിന് മുന്നോടിയായി ജില്ലയില്‍ സ്വീകരിക്കേണ്ട ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങള്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവ ക്ലാസ്സില്‍ വിശദമാക്കി.  40 ഓളം പേരാണ്  പരിശീലനത്തില്‍ പങ്കെടുത്തത്.

പരിപാടിയില്‍ പഞ്ചായത്തംഗങ്ങളായ ആലീസ് ജോസ്, അമ്മിണി ജോസ്, റീത്ത സൈമണ്‍, അമല്‍ എസ് ജോസ്, ബാബു ജോര്‍ജ്ജ്,  വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ എസ്.എല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.