ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ കര്‍മ്മപദ്ധതി നടപ്പാക്കും

post

പത്തനംതിട്ട: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ ജൈവകൃഷി പ്രോല്‍സാഹനവും ഭക്ഷ്യ വസ്തുക്കളുടെ സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്ന 450 ദിന കര്‍മ്മപരിപാടി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സര്‍ക്കാറിന്റെ ഇടപെടല്‍മൂലം സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന 97 ശതമാനം പച്ചക്കറിയും വിഷരഹിതമാക്കുന്നതിന് കഴിഞ്ഞു. സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് നെല്‍കൃഷിക്ക് അനുയോജ്യമായ ഒരു ലക്ഷം ഹെക്ടര്‍ സ്ഥലം തരിശായി കിടക്കുകയായിരുന്നു. ഇതിന് മാറ്റമുണ്ടാക്കി. ഇതിലൂടെ നെല്‍കൃഷി അഞ്ചരലക്ഷം ടണില്‍ നിന്ന് ഏഴ് ലക്ഷം ടണായി ഉത്പാദനം വര്‍ധിപ്പിക്കാനായി. പച്ചക്കറി ഉത്പ്പാദനം ഏഴരലക്ഷം ടണില്‍ നിന്ന് പന്ത്രണ്ടരലക്ഷം ടണായി ഉയര്‍ത്താനായി. 

കൃഷി ചെയ്യുന്നതിനെ കുറിച്ച് വിദ്യാര്‍ഥികളെ അവബോധമുള്ളവരാക്കി തീര്‍ക്കും. ഭക്ഷണം കഴിക്കുന്ന എല്ലാവരും അവര്‍ക്ക് കഴിയുന്നതരത്തില്‍ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാന്‍ തയാറാകണം. കേരളം ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയം പര്യാപ്തയിലേക്ക് അടുക്കുന്നതായും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ തരിശുരഹിത പഞ്ചായത്തായി വെച്ചൂച്ചിറയെ പ്രഖ്യാപിക്കുന്ന ഫലകം മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയക്ക് നല്‍കി. ചടങ്ങില്‍ സംസ്ഥാന തലത്തില്‍ മികച്ച അധ്യാപക പുരസ്‌കാരം ലഭിച്ച സാബു പുല്ലാടിനെ മന്ത്രി ആദരിച്ചു. കൃഷിയില്‍ മികവ് തെളിയിച്ച കര്‍ഷകരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച വാര്‍ഡുകളെയും മന്ത്രി ആദരിച്ചു. 

യോഗത്തില്‍ രാജു എബ്രഹാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ജി. കണ്ണന്‍, റാന്നി ബ്ലോക്ക് മെമ്പര്‍മാരായ ബിബിന്‍ മാത്യു, മീനു എബ്രഹാം, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, വൈസ് പ്രസിഡന്റ് ഷാജി തോമസ്, ഹരിത കേരളമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗളായ പി. ജി. മറിയാമ്മ, നിഷ അലക്‌സ്, സ്‌കറിയ ജോണ്‍, റ്റി. പി. അനില്‍കുമാര്‍, വത്സമ്മ പാറയ്ക്കല്‍, ഇ. വി. വര്‍ക്കി, ജോര്‍ജ് പൗവ്വത്തില്‍, ജെയ്‌നമ്മ തോമസ്, എ. വി. മാത്യു, കെ. ശ്രീകുമാര്‍, എസ്. അമ്പിളി, പൊന്നമ്മ ചാക്കോ, രേണുക മുരളീധരന്‍, റാന്നികൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മഞ്ചുളാ മുരളീകൃഷ്ണന്‍, കൃഷി ഓഫീസര്‍ ട്രീസാ സെലിന്‍ ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സിറിയക് തോമസ്, റ്റി. കെ. ജെയിംസ്, പി. എസ്. രവീന്ദ്രന്‍, ബിനു തെള്ളിയില്‍, ജോസ്  പത്രപാങ്കല്‍, രാജന്‍ തെള്ളിയില്‍, എം. ജെ. രാജു, അംബി പള്ളിക്കല്‍, ജനറല്‍ കണ്‍വീനര്‍ സജിമോന്‍ കടയിനിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.