വയനാടിനൊരു കൈത്താങ്ങായി അടിമാലിയും

post

ഇടുക്കി : വയനാടിന് കൈത്താങ്ങുമായി അടിമാലി മേഖലയിലെ വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കുവാനായി സമാഹരിച്ച അരിയുള്‍പ്പെടെയുള്ള സാധനങ്ങളുമായി വാഹനം   യാത്ര തിരിച്ചു. അരിയും പല വ്യഞ്ജനങ്ങളും തുണിത്തരങ്ങളുമുള്‍പ്പെടെ ഒരു കുടുംബത്തിനാവശ്യം വേണ്ടുന്ന സാധനങ്ങളാണ് ഓരോ കിറ്റിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. വയനാടിനെ പ്രളയം കവര്‍ന്നതു മുതല്‍ ദുരിത ബാധിതരായ ആളുകള്‍ക്ക് സഹായമെത്തിക്കുവാന്‍ വേണ്ടുന്ന സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു അടിമാലിയിലേയും പരിസര പ്രദേശങ്ങളിലേയും സഹായ മനസ്‌ക്കര്‍. 
 
കഴിഞ്ഞ പ്രളയത്തില്‍ ഇടുക്കിക്ക് കൈത്താങ്ങായവര്‍ക്കുള്ള തണലാകാന്‍ എല്ലാവരും ഒരേ മനസ്സോടെ ഒന്നിക്കുകയായിരുന്നു. ലഭിച്ച സാധനങ്ങളത്രയും പ്രായഭേദമന്യേ ഒരുമിച്ചിരുന്ന് തരംതിരിച്ചു. അടിമാലി എസ് എന്‍ ക്ലബ്ബ്, അടിമാലി ചാരിറ്റബിള്‍ സൊസൈറ്റി, മര്‍ച്ചന്റ് യൂത്ത് വിംഗ് , പാറത്തോട് യുവജന കൂട്ടായ്മ, മച്ചിപ്ലാവ്, ചാറ്റുപാറ, ഇരുമ്പുപാലം, കുരിശുപാറ തുടങ്ങിയ ഇടങ്ങളിലെ വിവിധ യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരെല്ലാം ശേഖരിച്ച വസ്തുക്കള്‍ അടിമാലിയിലെ കളക്ഷന്‍ സെന്ററില്‍ സമാഹരിച്ച ശേഷമാണ് കിറ്റുകളാക്കി ദുരിതബാധിതമേഖലയിലേക്ക് എത്തിക്കുന്നത്. സന്നദ്ധ സംഘടനകള്‍ക്കും യുവജന കൂട്ടായ്മകള്‍ക്കും പുറമെ അടിമാലി, വെള്ളത്തൂവല്‍ തുടങ്ങിയ പഞ്ചായത്തുകളും ദുരിതബാധിതര്‍ക്കായുള്ള സഹായ സമാഹരണം ആരംഭിച്ചിട്ടുണ്ട്.