മലമ്പണ്ടാര വിഭാഗങ്ങളുടെ പുനഃരധിവാസത്തിന് പദ്ധതി

post

ഇടുക്കി: ജില്ലയിലെ ഏറ്റവും പിന്നോക്ക പട്ടിക വര്‍ഗ്ഗ വിഭാഗമായ മലമ്പണ്ടാരങ്ങള്‍ക്കായി പുനഃരധിവാസ പദ്ധതി വരുന്നു. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം.

മലമ്പണ്ടാരങ്ങള്‍ വര്‍ഷത്തില്‍ അധിക കാലവും ഉള്‍വനങ്ങളില്‍ താമസിക്കുന്നു. ഇവര്‍ക്ക് കൃത്യമായ വാസസ്ഥലമില്ല. ഇവരില്‍ അധികം പേര്‍ക്കും തിരച്ചറിയല്‍ രേഖകളോ റേഷന്‍ കാര്‍ഡോ വോട്ടവകാശമോ ഇല്ലാത്തവരാണ്. അടിസ്ഥാന സൗകര്യങ്ങളായ വീട്, ഭക്ഷണം, കുടിവെളളം, കക്കൂസ്, വിദ്യാഭ്യാസം തുടങ്ങിയവയൊന്നും ഈ കുടുബങ്ങള്‍ക്കില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ഇവ ഉപയോഗിക്കുന്നതിനുളള ശീലം വളര്‍ത്തിയെടുക്കുകയും അങ്ങനെ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയുമാണ് പുനഃരധിവാസ പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ പ്രധാനമായും വണ്ടിപെരിയാര്‍ ഗ്രാമപഞ്ചായത്തിലെ സത്രം കോളനിയിലും പീരുമേട് ഗ്രാമപഞ്ചായത്തിലെ പ്ലാക്കത്തടം കോളനിയിലും പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ മൂഴിക്കല്‍ കോളനിയിലുമായി താമസിക്കുന്ന 125 ഓളം (50 കുടുംബം) ആളുകളെയാണ് പുനഃരധിവസിപ്പിക്കേണ്ടത്. 15 കുടൂംബങ്ങള്‍ക്ക് വനത്തോട് ചേര്‍ന്നുളള പ്രദേശത്ത് വീട് നിര്‍മ്മിച്ചുനല്‍കാന്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ തുടര്‍ നടപടികള്‍ക്കും പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍  കണ്‍വീനറും പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി., റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, വനിത ശിശു വികസന ഓഫീസര്‍, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ അംഗങ്ങളായി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.