ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

post

ഇടുക്കി : കാലവര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ ഇന്ന് (30) വരെ  ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ജില്ലയില്‍ ശക്തമായ മഴയോ (115 മി.മി) അതി ശക്തമായ മഴയോ (204.5 മിമി) പെയ്യുവാന്‍ സാദ്ധ്യതയുണ്ട്.

  പുഴകളിലെ ജലനിരപ്പ് ഉയരുവാനും, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്കോ സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള  യാത്ര രാത്രി 07.00  മുതല്‍ രാവിലെ 7 വരെ ഒഴിവാക്കേണ്ടതാണ്. ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യം വന്നാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറെടുപ്പ് നടത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ചെറുതോണി ഡാമിന്റെ സൈറണ്‍ ട്രയല്‍ റണ്‍

ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് (30) തുറക്കും

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിനാലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 28 മുതല്‍ ജൂണ്‍1 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും കല്ലാര്‍കുട്ടി (നിലവിലെ ജലനിരപ്പ് 452.10 മീറ്റര്‍ പരമാവധി 456.60 മീറ്റര്‍) , പാംബ്ല ( നിലവിലെ ജലനിരപ്പ് 248.4 മീറ്റര്‍ പരമാവധി 253 മീറ്റര്‍) ഡാമുകള്‍ ഇന്ന് (30) തുറക്കും.  രാവിലെ 10 മുതല്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി 10 ക്യുമക്സ് വരെ ജലവും പാംബ്ല ഡാമിന്റെ  ഒരു ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി 15 ക്യുമക്സ് വരെ ജലവും തുറന്നുവിടും.

മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.