ഏതു സാഹചര്യവും നേരിടാന്‍ സജ്ജം
 
                                                പത്തനംതിട്ട: ഏതു സാഹചര്യവും നേരിടാന്‍ പൂര്‍ണസജ്ജമാണെന്നും ആശങ്ക വേണ്ടെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. ജില്ലാതലത്തിലും താലൂക്ക് തലത്തിലും ആവശ്യമായ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട്. ജനങ്ങളും ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. 
എല്ലാ ക്യാമ്പുകളിലും അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകളുടെ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം തയാറാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം കണക്കിലെടുത്ത് താഴ്ന്ന പ്രദേശത്തു താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. പലരും വാഹനങ്ങള്‍  ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെയും സുരക്ഷിതമായി മാറ്റി. പൂര്‍ണ സഹായവുമായി ജനപ്രതിനിധികള്‍ എല്ലാവരും ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
വെള്ളപ്പൊക്ക സ്ഥിതിയും ദുരിതാശ്വാസ നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി ബി നൂഹുമായി മാത്യു ടി തോമസ് എംഎല്‍എ ചര്‍ച്ച നടത്തി. തിരുവല്ല വേങ്ങല്‍ മലങ്കര സുറിയാനി കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ഇരുവരും സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശങ്ങള്‍ നല്‍കി.










