രണ്ടു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെ മൂന്നു വില്ലേജ് ഓഫീസുകള്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട : രണ്ടു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ മൂന്നു വില്ലേജ് ഓഫീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 14 വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷ്ണറേറ്റില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മന്ത്രി നിര്‍വഹിച്ചത്. 

ആറന്മുള നിയോജക മണ്ഡലത്തിലെ ഡ്യുവല്‍ കോട്ടേജായ പത്തനംതിട്ട വില്ലേജ് ഓഫീസും ഇരവിപേരൂര്‍ സ്മാര്‍ട്ട് വില്ലേജും റാന്നി നിയോജക മണ്ഡലത്തിലെ അയിരൂര്‍ സ്മാര്‍ട്ട് വില്ലേജും ഉള്‍പ്പെടെ മൂന്നു വില്ലേജ് ഓഫീസുകളാണു ജില്ലയില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ചത്. 

വേഗത്തിലും ആധുനിക രൂപത്തില്‍ സുതാര്യതയോടും കൃത്യതയോടും മെച്ചപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനത്തിന്  സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 271   സ്മാര്‍ട്ട്് വില്ലേജ് ഓഫീസുകളുടെ പ്രഖ്യാപനമാണ് നടത്തിയതെന്നും 180 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 230 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. 

  ജില്ലയിലെ പത്തനംതിട്ട, ഇരവിപേരൂര്‍, അയിരൂര്‍, തിരുവനന്തപുരം ജില്ലയിലെ പട്ടം, കരിപ്പൂര്‍്, കൊല്ലം ജില്ലയിലെ ഓച്ചിറ, ആലപ്പുഴയിലെ ചിങ്ങോലി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, അണക്കര, കാഞ്ചിയാര്‍, എറണാകുളം ജില്ലയിലെ പുതുവൈപ്പ്, കാക്കനാട്,  മലപ്പുറം ജില്ലയിലെ മുത്തേടം, തൃക്കണ്ടിയൂര്‍, എടപ്പാള്‍ എന്നീ വില്ലേജ് ഓഫീസുകളാണ്  ഉദ്ഘാടനം ചെയ്തത്. വൈദ്യുതി മന്ത്രി എം.എം.മണി, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വിവിധ ജില്ലകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനത്തില്‍ സംബന്ധിച്ചു. 

എം.എല്‍.എമാരായ രാജു എബ്രഹാം, വീണാജോര്‍ജ്,  വി.കെ.പ്രശാന്ത്, പി.വി.അന്‍വര്‍, എസ്.ശര്‍മ്മ, എസ്.ബിജിമോള്‍,  ആര്‍.രാമചന്ദ്രന്‍, തിരുവനന്തപുരം നഗരസഭ മേയര്‍ കെ.ശ്രീകുമാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ അതത് ജില്ലകളിലെ വില്ലേജ് ഓഫീസുകളില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ സി.എ. ലത, തിരുവനന്തപുരം കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണറേറ്റിലെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.