കാക്കനാട് , പുതുവൈപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു

post

എറണാകുളം: നിര്‍മ്മാണം പൂര്‍ത്തിയായ കാക്കനാട് , പുതു വൈപ്പിന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സംസ്ഥാനത്താകെ ഏഴ് ജില്ലകളിലായി നിര്‍മ്മാണം പൂര്‍ത്തിയായ 14 വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം  നടന്നു.വേഗത്തിലും ആധുനികമായും കൃത്യതയോടെയും ഉത്തരവാദിത്വമായും സുതാര്യമായും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് പേരുപോലെ സ്മാര്‍ട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു. 

സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 271 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രഖ്യാപനമാണ് നടത്തിയത്. ഇതില്‍ നിരവധി എണ്ണം നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇത് കൂടാതെ 180 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആക്കി മാറ്റാന്‍ തീരുമാനമെടുത്തു. നിലവില്‍ 400 നടുത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ബാക്കിയുള്ള 50 എണ്ണത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക അനുവദിച്ചിട്ടുണ്ട്. 

230 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്തു. 230 എണ്ണത്തിന്റെ ചുറ്റു മതില്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. 267 വില്ലേജ് ഓഫീസുകള്‍ക്ക് കൂടുതല്‍ മുറികള്‍ നിര്‍മ്മിച്ചു നല്‍കിയതായും മന്ത്രി അറിയിച്ചു. 

കാക്കനാട് വില്ലേജ് ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. കളക്ടര്‍ എസ്.സുഹാസ് , എ.ഡി.എം. കെ ചന്ദ്രശേഖരന്‍ നായര്‍, കണയന്നൂര്‍ തഹസില്‍ദാര്‍ ബീന.പി.ആനന്ദ്, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.