ആഭ്യന്തര വിമാനയാത്ര ഇന്ന് മുതല്‍; യാത്രക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള സാക്ഷ്യപത്രം നിര്‍ബന്ധം

post

കൊച്ചി: ഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് 25.05.20) മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിത യാത്രയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രകടമായ ലക്ഷണങ്ങളില്ലെന്ന സാക്ഷ്യപത്രം (എസിംപ്റ്റമാറ്റിക് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമായും ഹാജരാക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ചേരുന്നവര്‍ക്ക് കോവിഡ് ജാഗ്രത പെര്‍മിറ്റുണ്ടായിരിക്കണം. പിക്ക് അപ്പിനും യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും സ്വകാര്യ വാഹനങ്ങളും ടാക്‌സികളും അനുവദിക്കും.

ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍:

1.വിമാനടിക്കറ്റുകള്‍ ലഭിച്ച ശേഷം ജാഗ്രത വെബ്‌സൈറ്റില്‍ (covid19jagratha.kerala.nic.in) യാത്രക്കാര്‍ തങ്ങളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. സൈറ്റില്‍ പബ്ലിക് സര്‍വീസസ് എന്ന ലിങ്കില്‍ നിന്ന് ഡൊമസ്റ്റിക് റിട്ടേണീസ് പാസ് തിരഞ്ഞെടുത്ത് ന്യൂ രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് എന്റര്‍ ഡീറ്റെയ്ല്‍സ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കാം.

2.ഒരു ടിക്കറ്റില്‍ ഒന്നിലധികം വ്യക്തികള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍, എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ചേര്‍ക്കണം. ഇതിനായി ഒരാള്‍ രജിസ്റ്റര്‍ ചെയ്യുകയും ആഡ് ഫാമിലി മെംബര്‍ എന്ന ഓപ്ഷന്‍ വഴി മറ്റുള്ളവരുടെ വിശദാംശങ്ങള്‍ ചേര്‍ക്കുകയും ചെയ്യാം.

3.രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ നമ്പറിലേക്കും ഇമെയിലിലേക്കും അയയ്ക്കുന്ന ക്യുആര്‍ കോഡിനൊപ്പം യാത്രാ പെര്‍മിറ്റ് ലഭിക്കും.

4.കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ലഭിച്ച എന്‍ട്രി പാസിന്റെ വിശദാംശങ്ങള്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പരിശോധിച്ച ശേഷമാണ് വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ് അനുവദിക്കുക. ഇതിനായി ഇവര്‍ക്ക് പ്രത്യേക റിക്വസ്റ്റ് അയയ്‌ക്കേണ്ടതാണ്.

5.യാത്രക്കാര്‍ക്ക് വീടുകളിലേക്ക് പോകാന്‍ സ്വന്തം വാഹനമോ വാടക വാഹനമോ ഉപയോഗിക്കാം.

6.വിമാനത്താവളത്തിലെ രജിസ്‌ട്രേഷന്‍ ഡെസ്‌കില്‍ യാത്രക്കാര്‍ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ കാണിക്കണം.

7.മെഡിക്കല്‍ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവരെ ഹോം ക്വാറന്റൈനിലേക്കും രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ അയയ്ക്കും.

8.സംസ്ഥാനത്ത് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ കഴിയണം. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.

9.വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുപോകാന്‍ വാഹനങ്ങളുമായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വരാം. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ടു പേര്‍ മാത്രമേ പാടുള്ളൂ. വിമാനത്താവളത്തിലെത്തുന്നവര്‍ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ പോകേണ്ടതാണ്.

10.വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ടാകും.

വിമാനത്താവളങ്ങളിലെ അധിക സൗകര്യങ്ങള്‍:

യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് ഇറക്കുന്നതിനുള്ള സൗകര്യം.

ഹെല്‍ത്ത് ഡെസ്‌ക്

സാമൂഹിക അകലം പാലിച്ച് വിവിധ ഡെസ്‌കുകളിലേക്ക് എത്തുന്നതിന് ക്യൂ നില്‍ക്കാനുള്ള സൗകര്യം

ഡെസ്‌കുകളില്‍ ആവശ്യമായ ഐടി ടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക പിന്തുണയും

കോവിഡ്19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ആരോഗ്യ പരിശോധന ക്യുബിക്കിളുകള്‍

ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം

എല്ലാ ഉദ്യോഗസ്ഥര്‍ക്കും പിപിഇ, സാനിറ്റൈസറുകള്‍

വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കും

താപനില പരിശോധിക്കാന്‍ ഇന്‍ഫ്രാറെഡ് ഫല്‍ഷ് തെര്‍മോമീറ്റര്‍

കോവിഡ് രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണം ഹെല്‍ത്ത് ഡെസ്‌കില്‍ മാത്രമായി ക്രമീകരിക്കും

നിരീക്ഷണത്തിന്റെ ഏകോപന ചുമതല വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കാണ്

രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക ആംബുലന്‍സില്‍ ഐസൊലേഷനിലേക്ക് മാറ്റും. രണ്ട് ചേംബറുകളുള്ള ആംബുലന്‍സില്‍ ഡ്രൈവര്‍ പിപിഇ കിറ്റ് ധരിക്കണം.

നിരീക്ഷണത്തിനായി ജീവനക്കാരെ രണ്ടാഴ്ചത്തേക്കാണ് നിയമിക്കുക. അതിനു ശേഷം അവരെ ക്വാറന്റൈനിലേക്ക് മാറ്റും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ ജില്ലാ, സംസ്ഥാന തലങ്ങളിലെ ഏകീകൃത രോഗ നിരീക്ഷണ സംവിധാനത്തില്‍ (ഐ ഡി എസ് പി) വിവരമറിയിക്കണം. പിസിആര്‍ പരിശോധനയും നടത്തണം.

പ്രതിദിന റിപ്പോര്‍ട്ടുകള്‍ എല്ലാ ദിവസവും വൈകിട്ട് മൂന്നിന് controlroomdhskerala@gmail.com, covid19travelsurveillance@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളിലേക്ക് അയയ്ക്കണം.

പുറത്തിറങ്ങിയ യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് 2025 പേരുള്ള ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഹെല്‍ത്ത് ഡെസ്‌കിലേക്ക് അയയ്ക്കുക. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം.

വീല്‍ചെയറുകള്‍ ലഭ്യമാക്കും.

രോഗലക്ഷണങ്ങളുളളവരെ സാംപിള്‍ ശേഖരിക്കാനും പരിശോധനയ്ക്കും കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങള്‍.

അറിയിപ്പുകള്‍ക്ക് എയര്‍പോര്‍ട്ടിലെ അനൗണ്‍സ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്തും.

എയര്‍പോര്‍ട്ട് ജീവനക്കാരും കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കണം.