സന്നിധാനത്ത് തിരിച്ചറിയല്‍ കാര്‍ഡ് വിതരണക്കാര്‍ തിരക്കിലാണ്

post

പത്തനംതിട്ട : ശബരിമല തീര്‍ഥാടനകാലം അല്ലലില്ലാതെ മുന്നോട്ടുപോവുന്നതിന് പിന്നില്‍ നിശ്ശബ്ദമായി ജോലി ചെയ്യുന്ന ഒരു പാടുപേരുണ്ട്. അവരില്‍ ഒരു കൂട്ടരാണ് ദേവസ്വം ബോര്‍ഡ് വിജിലന്‍സിന് കീഴിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണ വിഭാഗം. ഈ തീര്‍ഥാടന കാലത്ത് ഇതുവരെ 7625 തിരിച്ചറിയല്‍ കാര്‍ഡുകളാണ് നല്‍കിയത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ ദേവസ്വം ജീവനക്കാര്‍, കച്ചവടക്കാര്‍, അവരുടെ തൊഴിലാളികള്‍, ദിവസ വേതനക്കാര്‍, ശബരിമല അയ്യപ്പസേവാ സമാജം, അഖില ഭാരതീയ അയ്യപ്പ സേവാസംഘം തുടങ്ങിയ എന്‍.ജി.ഒകള്‍, മാധ്യമ പ്രവര്‍ത്തകര്‍, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി, താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡുകള്‍ തുടങ്ങി ഡോളി ചുമട്ടുകാര്‍ വരെയുള്ളവര്‍ വരെയുണ്ട്. സന്നിധാനം ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസിന് സമീപത്തെ തിരിച്ചറിയല്‍ കാര്‍ഡ് സെക്ഷനില്‍നിന്നാണ് സന്നിധാനത്തെയും പമ്പയിലെയും മുഴുവന്‍ തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കുന്നത്. ദേവസ്വം വിജിലന്‍സ് വിഭാഗം പരിശോധിച്ച് ദേവസ്വം വിജിലന്‍സ് എസ്.പി ഒപ്പിട്ടാണ് കാര്‍ഡുകള്‍ നല്‍കുന്നത്. ഒരു തീര്‍ഥാടനകാലമാണ് കാര്‍ഡിന്റെ കാലപരിധി.
ഇത്തവണ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ നല്‍കിയത് ദിവസ വേതനക്കാര്‍ക്കാണ്2333 പേര്‍ക്ക്. കച്ചവടവുമായി ബന്ധപ്പെട്ട 1858 പേര്‍ക്കും 1052 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കാര്‍ഡ് നല്‍കി. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി912, എന്‍.ജി.ഒ885, ഡോളി84, ദേവസ്വം ജീവനക്കാര്‍73, താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡുകള്‍68 എന്നിങ്ങനെയാണ് ഇതുവരെ കാര്‍ഡ് നല്‍കിയത്. ഈ സീസണില്‍ 15000 ഓളം കാര്‍ഡുകള്‍ വിതരണം ചെയ്യേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഇത് 13000 ആയിരുന്നു.
ഓരോ ജീവനക്കാരുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ ടാഗുകള്‍ കൊണ്ട് ഏത് വിഭാഗമെന്ന് ഇത്തവണ മുതല്‍ തിരിച്ചറിയാം എന്ന പ്രത്യേകതയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്‍ഡിന്റെ ടാഗ് നീലയാണ്. ദിവസ വേതനക്കാര്‍ക്ക് ഓറഞ്ചാണ് നിറം. കച്ചവടക്കാര്‍ പച്ച, സാനിറ്റേഷന്‍ സൊസൈറ്റി കറുപ്പ്, മാധ്യമ പ്രവര്‍ത്തകര്‍ വെള്ള, എന്‍.ജി.ഒ ചുവപ്പ് എന്നിങ്ങനെയാണ് ടാഗിന്റെ നിറങ്ങള്‍. കഴിഞ്ഞ തവണ വരെ എല്ലാവര്‍ക്കും ഒരേ നിറത്തിലുള്ള ടാഗായിരുന്നു. വിജിലന്‍സ് എസ്.ഐ മനു മേനോന്റെ കീഴില്‍ 11 ജീവനക്കാരാണ് കാര്‍ഡ് വിതരണത്തിനായി രാവിലെ ഒമ്പത് മുതല്‍ രാത്രി 11 മണി വരെ കര്‍മ്മനിരതരായിട്ടുള്ളത്. സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലെറ്റര്‍ ഹെഡിലുള്ള അപേക്ഷയും ഫോട്ടോയും നല്‍കിയാല്‍ കാര്‍ഡ് ലഭിക്കും. എന്‍.ജി.ഒകള്‍ക്കും മറ്റും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ നമ്പറും ഫോട്ടോയും വേണം.