സുരക്ഷയും ഭക്തിയും കോര്‍ത്ത് അഗ്‌നിശമന സേനയുടെ അര്‍ച്ചന

post

പത്തനംതിട്ട : സുരക്ഷയുടെ സന്ദേശങ്ങളും ഭക്തിഗാനങ്ങളും ഇഴചേര്‍ത്ത് സന്നിധാനം ശ്രീധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ അഗ്‌നിശമന, രക്ഷാസേനയുടെ അര്‍ച്ചന ഭക്തരെ ആകര്‍ഷിച്ചു. 'വിഘ്‌നേശ്വരാ ജന്‍മനാളികേരം നിന്റെ തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നൂ...' എന്ന ഭക്തിഗാനത്തോടെയായിരുന്നു തുടക്കം. തുടര്‍ന്ന് തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം പുറത്തെടുത്ത് എങ്ങിനെ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഫയര്‍മാന്‍മാര്‍ അവതരിപ്പിച്ചു. പാമ്പുകടിയേറ്റാല്‍ എങ്ങിനെ ജീവന്‍ രക്ഷിക്കാം, പാചക വാതക സിലിണ്ടര്‍ കൈകാര്യം ചെയ്യേണ്ട വിധം, ചോര്‍ച്ചയുണ്ടായി തീപിടിച്ചാല്‍ എങ്ങിനെ അണക്കാം, കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്ന വിധം, ഫയര്‍ എക്‌സിറ്റ്വിംഗിഷറിന്റെ പ്രവര്‍ത്തനം എന്നിവയും കയര്‍ കെട്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനവും അവതരിപ്പിച്ചത് കാണികള്‍ക്ക് ഏറെ അറിവ് നല്‍കുന്നതായി. ബോധവത്കരണത്തിന്റെ ഇടവേളകളിലായിരുന്നു ഭക്തിഗാനങ്ങളുടെ അവതരണം.
കൂടാതെ സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി അഗ്‌നിശമന, രക്ഷാസേന നിര്‍ദേശിക്കുന്ന അഷ്ടസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ മധുരയില്‍നിന്നുള്ള മണികണ്ഠ സ്വാമി വിഘ്‌നേഷ് തീര്‍ഥാടകര്‍ക്കായി തമിഴില്‍ വായിച്ചു നല്‍കി. സന്നിധാനം അഗ്‌നിശമന, രക്ഷാസേന ജില്ലാ ഫയര്‍ ഓഫീസര്‍ എസ്. ദിലീപ്, സ്റ്റേഷന്‍ ഓഫീസര്‍ എസ്. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാത്രി പരിപാടി അവതരിപ്പിച്ചത്.