അതിഥി തൊഴിലാളികളുടെ മടക്കയാത്ര: ജില്ലയില്‍ നിന്നുള്ള ആദ്യ സംഘം യാത്രതിരിച്ചു

post

പത്തനംതിട്ട : ഇതര സംസ്ഥാനത്തേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ജില്ലയില്‍ നിന്നുള്ള ആദ്യസംഘം യാത്രതിരിച്ചു. ഉത്തര്‍പ്രദേശിലേക്കാണ് ആദ്യ സംഘം പുറപ്പെട്ടത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 6.30ന് പുറപ്പെടുന്ന ഉത്തര്‍ പ്രദേശിലേക്കുള്ള സ്പെഷല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 226 അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഘം  യാത്ര തിരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  10 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

കോന്നി താലൂക്കില്‍ നിന്നും 41 ഉം കോഴഞ്ചേരി താലൂക്കില്‍ നിന്നും 37 ഉം അടൂര്‍ താലൂക്കില്‍ നിന്നും 58 ഉം മല്ലപ്പള്ളി താലൂക്കില്‍ നിന്നും 51 ഉം തിരുവല്ല താലൂക്കില്‍ നിന്നും 24 ഉം റാന്നി താലൂക്കില്‍ നിന്നും 15 ഉം തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. പോലീസ് വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു യാത്ര. ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയത് അടൂര്‍, മല്ലപ്പള്ളി താലൂക്കുകളില്‍ നിന്നാണ്.

തിരുവല്ല റവന്യു ടവറില്‍ നിന്നും പുറപ്പെട്ട സംഘത്തിന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ മെഡിക്കല്‍ പാസ് കൈമാറി. തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.കെ. രേഖ എന്നിവര്‍ ചേര്‍ന്ന് തൊഴിലാളികളെ യാത്രയാക്കി.

അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അതിഥി തൊഴിലാളികള്‍ക്ക് ഹോമിയോമരുന്നുകളുടെ കിറ്റും കുടുംബാംഗങ്ങള്‍ക്കുള്ള ഹോമിയോപതിക് ഇമ്മ്യൂണിറ്റി ബൂസ്റ്ററും  കൈമാറി. അടൂര്‍ തഹസില്‍ദാര്‍ ബീന എസ് ഹനീഫ്,  ഡിഎംഒ (ഹോമിയോ) ഡോ. ഡി. ബിജുകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ബിജി ഡാനിയേല്‍, ഡോ. റെജികുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഡോ. ലക്ഷ്മി എന്നിവര്‍ സന്നിഹിതരായിരുന്നു.

പത്തനംതിട്ട ആനപ്പാറ ജിഎല്‍പിഎസില്‍ നിന്നും പുറപ്പെട്ട സംഘത്തെ വീണാ ജോര്‍ജ് എംഎല്‍എ യാത്രയാക്കി. ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, കോഴഞ്ചേരി തഹസില്‍ദാര്‍ ഓമനക്കുട്ടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കോന്നിയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അതിഥി തൊഴിലാളികളെ യാത്രയയച്ചു. കോന്നി തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി. സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

മല്ലപ്പള്ളി താലൂക്കില്‍ നിന്നും തഹസില്‍ദാര്‍ മധുസൂദനന്‍ നായര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്ന് അതിഥി തൊഴിലാളികളെ യാത്രയാക്കി. റാന്നി താലൂക്ക് ഓഫീസര്‍ സാജന്‍ വി കുര്യാക്കോസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.എം. ബിസ്മി എന്നിവര്‍ ചേര്‍ന്ന് റാന്നി താലൂക്കില്‍ നിന്നും തൊഴിലാളികളെ യാത്രയാക്കി.

  തിരുവല്ല റവന്യു ടവര്‍, കോന്നി ജിഎച്ച്എസ്എസ്, ആനപ്പാറ ജിഎല്‍പിഎസ്, റാന്നി താലൂക്ക് ഓഫീസ്, വെണ്ണിക്കുളം സെന്റ്. ബഹനാന്‍സ് യുപിഎസ്, കുന്നന്താനം സെന്റ് ജോസഫ് പാരിഷ് ഹാള്‍, അടൂര്‍ ജിയുപിഎസ് എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസുകളില്‍ കോട്ടയം റെയിവേ സ്റ്റേഷനില്‍ എത്തിച്ചത്. റവന്യു വകുപ്പ്  ഉദ്യോഗസ്ഥര്‍ക്കായിരുന്നു അതിഥി തൊഴിലാളികളുടെ മടക്കയാത്രയുടെ ചുമതല.

യാത്രയ്ക്കു മുന്നോടിയായിട്ടുള്ള ആരോഗ്യ സ്‌ക്രീനിംഗ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി. തിരുവല്ല തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ഇവര്‍ക്കുള്ള സൗജന്യ ഭക്ഷണകിറ്റ് വിതരണം ചെയ്തത്. 10 ചപ്പാത്തി, അച്ചാര്‍, ബ്രഡ്, വെള്ളം എന്നിവയാണ്  ഭക്ഷണ കിറ്റിലുള്ളത്. റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയിവേ സ്റ്റേഷനില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് ഇവര്‍ക്കായുള്ള ടിക്കറ്റ് നല്‍കുന്നത്.