പമ്പയിലെ സംരക്ഷണ ഭിത്തി നിര്‍മാണം പുരോഗമിക്കുന്നു

post

പത്തനംതിട്ട : പമ്പയിലെ സംരക്ഷണ ഭിത്തി നിര്‍മാണം പുരോഗമിക്കുന്നു. പമ്പ ഇടതുകരയുടെ നടപ്പാതയ്ക്കു താഴെയുള്ള 280 മീറ്റര്‍ 2018 മഹാപ്രളയത്തില്‍ തകര്‍ന്നിരുന്നു. ഈ സ്ഥലത്താണ് ഗാബിയോണ്‍ പ്രൊട്ടക്ഷന്‍ വാളിന്റെ നിര്‍മ്മാണം നടക്കുന്നത്. ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി. 

3.86 കോടി രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടിലാണ് നിര്‍മാണം. മാര്‍ച്ച് 10ന് ആരംഭിച്ച സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം 50 ശതമാനത്തിലധികം  പൂര്‍ത്തിയായിക്കഴിഞ്ഞു. മേയ് 31 പണി പൂര്‍ത്തിയാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പണികള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ പുനഃരാരംഭിച്ചിട്ടുണ്ട്. 

ആഗസ്റ്റ് മാസത്തിന് മുന്‍പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാനാണു ലക്ഷ്യമിടുന്നത്. ജലസേചന വകുപ്പാണ് പ്രവര്‍ത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. പമ്പാനദി തീരസംരക്ഷണമാണ് ഗാബിയോണ്‍ പ്രൊട്ടക്ഷന്‍ വാളിലൂടെ ലക്ഷ്യമിടുന്നതെന്നും റാന്നി ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഡി.ജയകൃഷ്ണന്‍ പറഞ്ഞു.