സമൂഹ വ്യാപന സാധ്യത പഠിക്കാന്‍ ഐ.സി.എം.ആര്‍ സംഘം ജില്ലയില്‍

post

കൊച്ചി: രാജ്യത്ത് കോവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ തോതും കണ്ടെത്താനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന സെറോ സര്‍വേക്ക് ജില്ലയില്‍ തുടക്കമായി. രാജ്യമൊട്ടാകെ 69 ജില്ലകളിലാണ് സര്‍വ്വേ നടത്തുന്നത്. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി വില്‍സണ്‍, ഡോ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.സി.എം.ആറില്‍ നിന്നുള്ള ഇരുപത് അംഗ സംഘവും, ജില്ല ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്‌നിഷ്യന്മാരും പത്ത് ആശ പ്രവര്‍ത്തകരും ചേര്‍ന്ന് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വ്വേ നടത്തുന്നത്. സംസ്ഥാനത്ത് പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളാണ് സര്‍വ്വേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ പോയിന്റുകളില്‍ നിന്നും നാല്‍പത് സാംപിളുകള്‍ വീതം ജില്ലയില്‍ നിന്നാകെ 400 സാംപിളുകള്‍ ആയിരിക്കും ഐ.സി.എം. ആര്‍ ശേഖരിക്കുന്നത്. 

ജില്ലയിലെ വ്യത്യസ്തങ്ങളായ പത്ത് പ്രദേശങ്ങളില്‍ നിന്നാവും സാംപിളുകള്‍ ശേഖരിക്കുന്നത്. ഐ.സി.എം.ആറും പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന വികസിപ്പിച്ച എലിസ ടെസ്റ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധനകള്‍ നടത്തുന്നത്. ചെന്നൈ ഐ..സി.എം.ആർ - എൻ.ഐ.ആർ.ടി ഇന്റര്‍മീഡിയേറ്റ് റഫറൻസ് ലബോറട്ടറിയില്‍ ആയിരിക്കും കേരളത്തില്‍ നിന്നുള്ള സാംപിളുകള്‍ പരിശോധിക്കുന്നത്. കോവിഡ് വൈറസിനെതിരെ ആളുകളില്‍ പ്രതിരോധം നേടിയിട്ടുണ്ടൊ എന്നും പരിശോധന വഴി കണ്ടെത്താന്‍ സാധിക്കും. പ്രോഗ്രാമിന്റെ സംസ്ഥാന നോഡൽ ഓഫിസർ ഡോ. സുനിൽ കുമാർ (സ്റ്റേറ്റ് ടി. ബി ഓഫിസർ), ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ്മാരായ ഡോ .ഷിബു ബാലകൃഷ്ണന്‍, ഡോ. പ്രതാപചന്ദ്രൻ, ഡോ.പി.എസ് രാകേഷ്, ഡോ.ശ്രീനാഥ്, ഡോ. അനുപമ എന്നിവരാണ് സെറോ സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. ഐ.സി.എം.ആറിനു പുറമെ ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും സംസ്ഥാന ആരോഗ്യ വകുപ്പുകളും ചേര്‍ന്നാണ് സര്‍വ്വേ നടത്തുന്നത്. രാജ്യമൊട്ടാകെ 24000 പേരുടെ സാംപിളുകള്‍ ആണ് സര്‍വ്വേയുടെ ഭാഗമായി ശേഖരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും ആണ് സാമ്പിൾ ശേഖരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നത്.