ഓപ്പറേഷൻ ബ്രേക്ക് ത്രൂ: കോയിത്തറ കനാലിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

post

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോയിത്തറ കനാലിലെ പ്രവർത്തനപുരോഗതി ജില്ലാ കളക്ടർ എസ്. സുഹാസ് വിലയിരുത്തി. കോയിത്തറ റെയിൽവേ പാലത്തിന് താഴെ ഒഴുക്കിന് തടസ്സമായിരുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ മുഴുവനായും നീക്കം ചെയ്തു. കനാലിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കനാലിൽ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് നീക്കം ചെയ്യാൻ അതാറിട്ടിക്ക് കളക്ടർ നിർദേശം നൽകി. ഇതിനുള്ള തുക ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ നിന്നും അനുവദിക്കും. ഇവിടെ അശാസ്ത്രീയമായി സ്ഥാപിച്ച വിവിധ കേബിളുകളും നീക്കം ചെയ്യും. കോയിത്തറകനാൽ വൃത്തിയാകുന്നതോടെ തേവര - പേരണ്ടൂർ കനാലിലെ നീരൊഴുക്ക് സുഗമമാകും. ഇതോടെ പനമ്പിള്ളി നഗർ, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.

നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, ചിലവന്നൂര്‍ കായൽ, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.