അടൂരില്‍ ' റംസാന്‍ നിലാവ്' ഹോര്‍ട്ടി കോര്‍പ്പ് പഴം, പച്ചക്കറി മേള ആരംഭിച്ചു

post

പത്തനംതിട്ട  :  'റംസാന്‍ നിലാവ് 2020' ഹോര്‍ട്ടികോര്‍പ്പിന്റെ പഴം, പച്ചക്കറി,  തേന്‍ ഉത്പന്നങ്ങളുടെ വിപണനമേള ആരംഭിച്ചു. അടൂര്‍ കച്ചേരി ചന്തയ്ക്ക് അടുത്തായാണ് വിപണനമേള നടക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധര കുറുപ്പ്, മുന്‍ ചെയര്‍മാന്‍മാരായ ഉമ്മന്‍ തോമസ്, ഷൈനി ജോസ്, വൈ. ചെയര്‍മാന്‍ പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, ഏഴംകുളം മാര്‍ക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് ഡി.സജി, ഹോര്‍ട്ടി കോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.സജീവ്, കൃഷി അസി. ഡയറക്ടര്‍ കെ. പ്രദീപ്, റീജണല്‍ മാനേജര്‍മാരായ ബി.സുനില്‍, ഷാജി എന്നിവര്‍ പങ്കെടുത്തു.

ശീതകാല പച്ചക്കറികള്‍ മൂന്നാര്‍ വട്ടവട മേഖലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ചതാണ്. മുതലമടയില്‍ നിന്നുള്ള മാങ്ങ, വാഴക്കുളം പൈനാപ്പിള്‍, വെണ്‍മണി മാമ്പ്ര പാടത്തെ നാടന്‍ പച്ചക്കറികള്‍, അട്ടപ്പാടിയിലെ പപ്പായ ( റെഡ് ലേഡി), എന്നിവയെല്ലാം ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചവയാണ്. കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രത്യേക ഉത്പന്നങ്ങളായ പന്തളം ശര്‍ക്കര, കൊടുമണ്‍ റൈസ് എന്നിവ റംസാന്‍ മേളയില്‍ ലഭിക്കും. തേനും തേന്‍ അധിഷ്ഠിത ഉത്പന്നങ്ങളായ കാട്ടു തേന്‍, ചക്കതേന്‍, പാഷന്‍ ഫ്രൂട്ട് ഹണി, പൈനാപ്പിള്‍ ഹണി, സ്ട്രോബറി തേനില്‍ സംസ്‌കരിച്ച ഉത്പന്നം, സ്ട്രോബറി ഹണി, ജാക്ക്ബെറി ഹണി, പൈനാപ്പിള്‍ തേനില്‍ സംസ്‌കരിച്ച ഉത്പന്നങ്ങളും റംസാന്‍ നിലാവ് വിപണനമേളയില്‍ ലഭിക്കും. നാടന്‍ പച്ചക്കറികളുടെയും തേന്‍ ഉത്പന്നങ്ങളുടെയും വിപണനത്തിലൂടെ കോവിഡ് 19 പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് ആയുരാരോഗ്യം നിലനിര്‍ത്തുന്നതിന് മികച്ച സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്വം കൂടി ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുത്തിരിക്കുകയാണ്.