പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നഗരക്കൃഷി പദ്ധതി മാതൃകാപരം

post

പത്തനംതിട്ട : തരിശുരഹിത ആറന്മുള നിയോജകമണ്ഡലം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ പത്തനംതിട്ട നഗരസഭയില്‍ ആരംഭിച്ച നഗരക്കൃഷി മാതൃകാപരമെന്ന് വീണാ ജോര്‍ജ് എം.എല്‍ എ പറഞ്ഞു.  പത്തനംതിട്ട നഗര കൃഷിയുടെ ഭാഗമായി കരിമ്പനാംകുഴി, മാക്കാങ്കുന്ന് റസിഡന്‍സ് അസോസിയേഷനുകളിലെ വീടുകളിലേക്കുള്ള പച്ചക്കറി തൈ വിതരണ ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു എം.എല്‍.എ. 

ഓരോ വീടിനേയും പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഒരു സെന്റ് സ്ഥലത്തും കൃഷി ചെയ്യാം. കൃഷിക്ക് ആവശ്യമായ വിത്ത്, തൈകള്‍, വളം, ആവശ്യമെങ്കില്‍ വീട്ടിലേക്കുവേണ്ട ഉപകരണങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. 

തരിശുരഹിത ആറന്മുള നിയോജക മണ്ഡലം പദ്ധതിയുടെ ഭാഗമായി വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെയാണ് നഗര കൃഷി പദ്ധതി നടപ്പാക്കുന്നത്. കൃഷി വിജ്ഞാന്‍ കേന്ദ്രയാണ് പദ്ധതിക്കുവേണ്ടി സാങ്കേതിക സഹായവും മേല്‍നോട്ടവും നിര്‍വഹിക്കുന്നത്. 

ഒരു വര്‍ഷക്കാലത്തേക്ക് നഗരസഭയുടെ കീഴിലുള്ള എല്ലാ വീടുകളിലും പച്ചക്കറി ലഭ്യമാക്കുക എന്നതാണ് നഗര കൃഷിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പറഞ്ഞു. സ്വന്തം പുരയിടത്തിലും അടുക്കളക്കൃഷി തുടങ്ങുകയും ഇതിലൂടെ അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ ഉദ്പാദിപ്പിക്കുകയും ചെയ്യുക.  പയര്‍, പാവല്‍, വെണ്ട, മുളക്, ചീര തുടങ്ങിയ പച്ചക്കറികളാണ് ഇതിനായി നല്‍കുന്നത്.

കരിമ്പനാംകുഴി റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വി.ആര്‍ രാധാകൃഷ്ണന്‍, സെക്രട്ടറി ദേവരാജന്‍, ജോയിന്റ് സെക്രട്ടറിമാരായ ബിജു എസ് പണിക്കര്‍, വര്‍ഗീസ് പോള്‍, കൃഷി കണ്‍വീനര്‍ മോഹനന്‍ നായര്‍, ട്രഷറര്‍ അച്ചന്‍ കുഞ്ഞ്, മാക്കാംകുന്ന് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് മാത്യൂസ്, സെക്രട്ടറി ഏബല്‍ മാത്യു, ട്രെഷറാര്‍ സജി കോശി ജോര്‍ജ്, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേര്‍സണ്‍ മായാ, യംഗ് പ്രഷണല്‍മാരായ അഞ്ജന, ഷൈനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.