വായ്പാപരിധി ഉയര്‍ത്തിയത് സ്വാഗതാര്‍ഹം: ധനമന്ത്രി

post

* നിബന്ധനകള്‍ ഒഴിവാക്കണം

തിരുവനന്തപുരം : സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി മൂന്നുശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് ഉയര്‍ത്താനുള്ള കേന്ദ്രാനുമതി സ്വാഗതാര്‍ഹമാണെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് പറഞ്ഞു. ഈ നടപടിയിലൂടെ സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.

വായ്പാപരിധി അഞ്ചുശതമാനമായി ഉയര്‍ത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് കേരള മുഖ്യമന്ത്രിയാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടാകുന്ന വരുമാന ഇടിവിന്റെ പകുതിയോളമേ ഇത്തരത്തില്‍ വായ്പാപരിധി ഉയര്‍ത്തിയാലും നികത്താനാകൂ. ഏകദേശം 18,087 കോടി രൂപ കൂടി ഇത്തരത്തില്‍ വായ്പ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

വായ്പാപരിധി സംസ്ഥാന വരുമാനത്തിന്റെ അഞ്ചുശതമാനമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇത് കേന്ദ്രബജറ്റില്‍ അംഗീകരിച്ച വരുമാനത്തിന്റെ അഞ്ചുശതമാനമായി കണക്കാക്കണം. അതല്ലാതെ നിലവിലെ അവസ്ഥ വെച്ചുള്ള വരുമാനത്തിന്റെ ശതമാനക്കണക്കെടുത്താല്‍ 18,087 കോടി ലഭ്യമാക്കാനാവില്ല.

ന്യായമായ പലിശയ്ക്ക് വായ്പ ലഭിക്കാന്‍ അവസരമുണ്ടാകണം. അല്ലെങ്കില്‍ വായ്പ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കണം.   ഇതിനുപുറമേ ബാക്കിയുള്ള ജി.എസ്.ടി വിഹിതം കൂടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. വായ്പയെടുക്കുന്നതിന് നിബന്ധനകള്‍ വയ്ക്കുന്നതിന് കേരളം എതിരാണെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ മുന്‍ഗണന അനുസരിച്ച് ചെലവാക്കേണ്ട വായ്പയില്‍ നിബന്ധനകള്‍ വയ്ക്കുന്നതില്‍ അര്‍ഥമില്ല.

കേന്ദ്രസര്‍ക്കാര്‍ പറയുന്ന ഏകീകൃത റേഷന്‍ കാര്‍ഡ്, ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ് തുടങ്ങിയ കാര്യങ്ങളോട് എതിര്‍പ്പില്ല. പക്ഷേ, ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസിന്റെ പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന പലകാര്യങ്ങളും പൊതുമേഖലയെ പരിപൂര്‍ണമായി ഇല്ലാതാക്കുന്നതാണ്. സ്ട്രാറ്റജിക് തുറകള്‍ നിശ്ചയിച്ച് അവയില്‍ മാത്രമേ പൊതുമേഖല പാടുള്ളൂ എന്നത് ശരിയല്ല. സ്ട്രാറ്റജിക് മേഖലകളില്‍ പോലും ഒരു പൊതുമേഖ സ്ഥാപനം മതി, ഏറിയാല്‍ നാല് എന്നുള്ള നിലപാടും ബാക്കിയുള്ള മേഖലകളില്‍ പൊതുമേഖല വേണ്ട എന്നതും ശരിയായ നിലപാടല്ല.

വൈദ്യുതമേഖലയിലെ പരിഷ്‌കാരങ്ങളിലും എതിരഭിപ്രായമുണ്ട്. നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുത്. പ്രതിസന്ധി കാലഘട്ടത്തെ ഇത്തരത്തിലെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള കാലമാക്കി മാറ്റരുത്.

40,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചത് ഉചിതമായ നടപടിയാണ്. ഇരിട്ടിയാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെല്ലാം കഴിഞ്ഞവര്‍ഷം ലഭിച്ച കൂലിയുടെ പകുതി മുന്‍കൂറായി അക്കൗണ്ടില്‍ നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പിന്നീട് അവര്‍ പണി ചെയ്യുമ്പോള്‍ ആനുപാതികമായി കുറച്ചാല്‍ മതി.

കേന്ദ്രസര്‍ക്കാരിന്റെ പാക്കേജില്‍ എല്ലാംകൂടി കണക്കാക്കിയാലും ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കുന്നത് 80,000 കോടിക്ക് അപ്പുറമില്ലെന്ന് ധനമന്ത്രി പറഞ്ഞു