ലോക ഭിന്നശേഷി ദിനത്തില്‍ മധുരം നല്‍കി കളക്ടര്‍

post

കൊച്ചി: ലോക ഭിന്നശേഷി ദിനാചരണത്തില്‍ റോട്ടറി പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളില്‍ സമയം ചെലവഴിച്ച് ജില്ലാ കളക്ടര്‍ എസ്. സുഹാസ്.  വിദ്യാര്‍ത്ഥികളോട് ജില്ലാ കളക്ടര്‍ വന്നിരിക്കുന്നു എന്ന് അധ്യാപിക പറഞ്ഞു. കളക്ടറെ നോക്കി നിഷ്‌ക്കളങ്കതയയോടെ 'ഹലോ' പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടര്‍ മധുര പലഹാരം നല്‍കി അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ലോഷന്‍, ഡയറി തുടങ്ങിയവ കളക്ടര്‍ കൗതുകത്തോടെ നോക്കികണ്ടു. അധ്യാപകര്‍ക്കും റോട്ടറി ക്ലബ് അംഗങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അഭിനന്ദനം അറിയിച്ചു. 

1987 ല്‍ ആണ് റോട്ടറി പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചത്. 17 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമടക്കം 26 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. 3 അധ്യാപരും ഒരു ആയയും കുക്കും ഡ്രൈവറുമടക്കം 6 സ്റ്റാഫും ഉണ്ട്. യോഗ, നൃത്തം, സംഗീതം, കായികം തുടങ്ങിയവയിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. 

കളക്ടറോടൊപ്പം വിഐപി ആയി നിയ ഫാത്തിമ

ലോകഭിന്ന ശേഷി ദിനാചരണത്തില്‍ റോട്ടറി പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച കളക്ടറോടൊപ്പം റൈഡ് നടത്തിയ വിദ്യാര്‍ത്ഥി നിയ ഫാത്തിമ ഹാപ്പി. സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് മടങ്ങുന്നതിന് മുന്‍പായി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് കാറില്‍ തന്നോടൊപ്പം സഞ്ചരിക്കാന്‍ അവസരം നല്‍കാമെന്നും അത് അവര്‍ക്ക് സന്തോഷമാവില്ലേയെന്നും കളക്ടര്‍ ചോദിച്ചു. 

പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികളിലൊരാളായ നിയാ ഫാത്തിമയ്ക്കാണ് കളക്ടറോടൊപ്പം സഞ്ചരിക്കാന്‍ അവസരം കിട്ടിയത്. ചെറായി ഗേറ്റ് വേ റോഡിലൂടെ സഞ്ചരിച്ച് സ്‌കൂളില്‍ നിയ ഫാത്തിമയെ തിരിച്ച് എത്തിച്ചപ്പോള്‍ കൂട്ടുകാരോടൊപ്പം കഴിക്കാന്‍ ഒരു പായ്ക്കറ്റ് മിഠായി കൂടി വാങ്ങി നല്‍കി. സ്‌കൂള്‍ ആരംഭിച്ച കാലം മുതലുള്ള അധ്യാപികയായ ജെസ്സി ടൈറ്റസ് നിയ ഫാത്തിമയ്ക്ക് കൂട്ടായി കളക്ടറോടൊപ്പം കാറില്‍ സഞ്ചരിച്ചു. അധ്യാപികയുടെ മടിയിലിരുന്നാണ് നിയ ഫാത്തിമ യാത്ര ചെയ്തത്. ചെറായി ഗേറ്റ് വേ റോഡിലൂടെ സഞ്ചരിച്ച് സന്തോഷത്തോോടെയാണ് പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ മുറ്റത്ത് നിയ ഫാത്തിമ തിരിച്ചെത്തിയത്.