മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ ഏകോപിപ്പിക്കണം

post

ശനിയാഴ്ച ഡെങ്കി ദിനാചരണം 

പത്തനംതിട്ട : ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകാതിരിക്കാന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജില്ലയില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഏകോപിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തി ശനിയാഴ്ച ഡെങ്കിദിനം ആചരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 

ജില്ലയില്‍ ഇതിനോടകംതന്നെ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പംതന്നെ മഴക്കാല പൂര്‍വ ശുചീകരണവും നടത്തണം. വെള്ളം കെട്ടിക്കിടക്കുന്നത് തടയണം. കൊതുകള്‍ മുട്ടയിടുന്ന ഉറവിടങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കണം. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണം തുടരണം. പഞ്ചായത്ത്തല സമിതികള്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കാനുള്ള സൗകര്യമുണ്ടോ എന്നതിനെപറ്റി തീരുമാനിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുവരെ നിരീക്ഷണത്തിലാക്കുന്നതിനായി എത്തിക്കുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ ഐസലേഷനില്‍ കഴിയേണ്ടതില്ല. പകരം രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചാല്‍ മാത്രം മതി. കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തുന്ന ആളുകളുടെ എണ്ണവും വിവരങ്ങളും ജില്ലാതലത്തില്‍ ക്രമീകരിച്ചിരിക്കുന്ന കോര്‍ഡിനേറ്റിംഗ് സെല്ലില്‍ അറിയിക്കണം. തുക നല്‍കിയും അല്ലാതെയും ക്രമീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളേക്കുറിച്ചുള്ള വിവരങ്ങള്‍ നിരീക്ഷണത്തിലെത്തുന്നവരെ അറിയിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടി മഴക്കാല പൂര്‍വ ശുചീകരണത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി കാമ്പയിന്‍ നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. 

മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആന്റോ ആന്റണി എം.പി നിര്‍ദേശിച്ചു. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍  ശ്രദ്ധപുലര്‍ത്തി പ്രവര്‍ത്തിക്കണം. രോഗപകര്‍ച്ച വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രാദേശികമായി പ്രവര്‍ത്തിച്ച് രോഗങ്ങളെ അതിജീവിക്കണം. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പകര്‍ച്ചവ്യാധിയേയും നിയന്ത്രിക്കാന്‍ കഴിയണം. കോവിഡ് കെയര്‍ സെന്ററുകളില്‍ പുതിയ ആളുകള്‍ വരുന്നതിനു മുന്‍പായി മുറികള്‍ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. കുടുംബശ്രീയും പഞ്ചായത്തുമായി സംയോജിച്ച് വീടുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തണം. തോട്ടം ഉടമകള്‍ തോട്ടം വൃത്തിയാക്കാന്‍ തയാറാകണമെന്നും ആന്റോ ആന്റണി എം.പി. പറഞ്ഞു. 

ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി, ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. വെച്ചൂച്ചിറയില്‍ ഡെങ്കിപ്പനി കൂടുതലായി കാണുന്നു. ജനങ്ങള്‍ പൂര്‍ണമായും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ല. സ്ഥലത്ത് ഭൂ ഉടമകള്‍ ഇല്ലാത്തവരുടെ തോട്ടങ്ങളിലെ മഴക്കുഴികള്‍ സ്ഥാപിക്കുന്നതിനായി സന്നദ്ധത കാണിക്കണം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ആയുര്‍വേദ ചൂര്‍ണം ലഭ്യമാക്കണമെന്നും രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. 

മഴക്കാല ശുചീകരണത്തെ സംബന്ധിച്ചും പകര്‍ച്ചവ്യാധികളെ സംബന്ധിച്ചും വീടുവീടാന്തരം ബോധവത്കരണം നല്‍കണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. രോഗത്തിന്റെ ഗൗരവത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോകധവത്കരണം നടത്തണമെന്നും എം.എല്‍.എ പറഞ്ഞു. 

ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും ഗണ്യമായ വര്‍ധനയെ  സംബന്ധിച്ച് പവര്‍ പോയിന്റ് പ്രസന്റേഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനിയുടെ നേതൃത്വത്തില്‍ നടത്തി. ആന്റോ ആന്റണി എം.പി, വിവിധ സ്ഥലങ്ങളില്‍ നിന്നും എം.എല്‍.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എ.ഡി.എം അലക്‌സ് പി.തോമസ്, എന്‍.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷന്‍, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.