രാജകുമാരിയില്‍ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

post

ഇടുക്കി : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കി മരച്ചീനി കൃഷി ആരംഭിക്കുവാന്‍ നിലം ഒരുക്കി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിക്കു മുന്നൊരുക്കങ്ങള്‍ നടത്തിയത്. പദ്ധതിയോട് അനുബന്ധിച്ച്  പഞ്ചായത്തിന്റയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 17 ഹെക്ടര്‍ തരിശുഭൂമിയില്‍ ഇടവേള കൃഷിയായി കിഴങ്ങ് വര്‍ഗങ്ങള്‍, പഴം, പച്ചക്കറി എന്നിവ കൃഷിചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.കെ തങ്കച്ചന്‍, സുമ സുരേന്ദ്രന്‍, പി.രവി, അമ്പിളി സുഭാഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എ നിസ്സാര്‍, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, കൃഷി ഓഫീസര്‍ എം.എസ് ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.