അതിര്‍ത്തികള്‍ സുരക്ഷിതം

post

 ഇടുക്കി  : ജില്ലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂര്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തമിഴ്‌നാട്-കേരള പൊലീസിന്റെയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. നിലവില്‍ കുമളിയിലൂടെ മാത്രമാണ്  യാത്രക്കാരെ  കടത്തി വിടുന്നത്.

ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ പച്ചക്കറി-പലചരക്ക് വണ്ടികള്‍ക്കു മാത്രമാണ് യാത്രാനുമതി. തമിഴ്നാട്-കേരള സര്‍ക്കാരിന്റെ വ്യക്തമായ പാസ്സും രേഖകളും ഉണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തി കടത്തി വിടുകയുള്ളു. ദിവസേന പത്തിനും ഇരുപതിനുമിടയില്‍ വാഹ്നങ്ങള്‍ എത്താറുണ്ട്. പേലീസ്, ആരോഗ്യ വകുപ്പ്, വനം, എക്സൈസ് എന്നീ നാലു സംവിധാനങ്ങളുടെയും പരിശോധന കഴിഞ്ഞാല്‍ മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. വാഹ്നം അണുവിമുക്തമാക്കുകയും ഡ്രൈവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്ങും നടത്തും.  തമിഴ്നാട്ടില്‍ നിന്നെത്തുന്ന വാഹ്നത്തിന്റെയും ഡ്രൈവറുടെയും വിവരങ്ങള്‍ വകുപ്പുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നു. 6 മണിക്കൂറിനുള്ളില്‍ ഇവര്‍ ചരക്ക് ഇറക്കി തിരികെ പോകണം.

     ഡ്രൈവറുടെയും വണ്ടിയുടെയും വിശദ വിവരങ്ങളും ഫോട്ടോയും കോവിഡ് 19 മൊബൈല്‍ ആപ്പില്‍ പോലീസുകാര്‍ അപ്ലോഡ് ചെയ്യും. ഇത് പോലീസിനു മാത്രമേ കാണാന്‍ സാധിക്കു. വേറെയേതു ചെക്ക് പോസ്റ്റ് കടക്കാന്‍ ചെല്ലുമ്പോള്‍ വിവരം അവിടുത്തെ അധികൃതര്‍ക്ക് ലഭിക്കും. വണ്ടി അതിര്‍ത്തി കടക്കുമ്പോള്‍ ഔട്ട് രേഖപ്പെടുത്താനും കഴിയും. മറ്റു സംസ്ഥാനങ്ങളില്‍ പോയി വന്നാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ഉള്ളതിനാല്‍ ചെക്പോസ്റ്റില്‍ വെച്ച് ചരക്ക് മാത്രം കൈമാറ്റം ചെയ്ത് തിരികെ പോകുന്ന വാഹനങ്ങളുമുണ്ട്. തൊഴിലാളികളും ഡ്രൈവര്‍മാരും കൃത്യമായ സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ചാണ് ജോലി ചെയ്യുന്നത്. രണ്ടു ഷിഫ്റ്റുകളിലായി പതിനഞ്ചോളം ജീവനക്കാരുടെ സേവനമാണ് ബോഡിമെട്ട് ചെക്പോസ്റ്റില്‍ നല്കുന്നത്.