കോവിഡ് 19 : വിശ്രമമില്ലാതെ പുറപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം
ഇടുക്കി : സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് മുതല്‍ കോവിഡ് 19 പ്രതിരോധ - നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് പുറപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം. പുറപ്പുഴ സി.എച്ച്.സി. യുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു മാസമായി മറ്റ് സ്ഥലങ്ങളില്‍ നിന്നും വന്നവരെ ഹോം ക്വാറന്റയിനില്‍ ആക്കിയും സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷിച്ചും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. 172 പേരാണ് പുറപ്പുഴ പഞ്ചായത്ത് പരിധിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. ആദ്യഘട്ടമായി ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ വിവിധ ടീമുകളായി തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തി നിരീക്ഷണവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറിയിക്കുന്നതിന് നാട്ടുകാരുടെ സഹായവും അഭ്യര്‍ത്ഥിച്ചു. പോലീസിനെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു തുടര്‍ നടപടി .
പ്രവര്‍ത്തനങ്ങള്‍ക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റേയും പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റേയും പൂര്‍ണ്ണമായ സഹകരണം ലഭിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖാ ശ്രീധര്‍ പറഞ്ഞു. വിവിധ വകുപ്പുകളിലേയ്ക്ക് റിപ്പോര്‍ട്ടു നല്‍കല്‍, നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് ആവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കല്‍, റേഷന്‍ കടകളിലെയും, വിവാഹം, മരണം എന്നിവിടങ്ങളിലെയും തിരക്ക് നിയന്ത്രിക്കല്‍ എന്നിവയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വിശ്രമമില്ലാത്ത ജോലിയില്‍ ആയിരുന്നെങ്കിലും, മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ പങ്കാളിയാകുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വര്‍ഗീസ് .എന്‍.സി. പറഞ്ഞു.
പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ വാര്‍ഡുകളിലും മൈക്ക് പ്രചരണ ബോധവല്‍ക്കരണം നടത്തി. ബ്ലോക്ക് തലത്തില്‍ തൊടുപുഴ ടൗണിലെ കടകളിലെ ശുചിത്വം, സാമൂഹ്യ അകലം പാലിക്കുവാനുള്ള നടപടികള്‍ എന്നിവ സ്വീകരിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും തൊടുപുഴ മാര്‍ക്കറ്റില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് പരിശോധന, ജില്ലാ അതിര്‍ത്തിയായ അച്ചന്‍ കവലയിലുള്ള വാഹന പരിശോധന, ബോധവല്‍ക്കരണം എന്നിവ പോലീസ് സഹായത്തോടെ പുറപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖാ ശ്രീധര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കുര്യാച്ചന്‍.സി.ജെ., ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വര്‍ഗീസ്. എന്‍.സി., എല്‍.എച്ച്.സ്. മറിയാമ്മ, എല്‍.എച്ച്.ഐ. ഏലിയാമ്മ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.










