ക്വാറന്റൈന്‍ ലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി

post

പത്തനംതിട്ട : കോവിഡ് കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കപ്പെടുന്ന ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്നുള്ളവരും ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ട വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും അല്ലാത്തവരും നിര്‍ദേശങ്ങള്‍ പാലിച്ചു കഴിയണമെന്നും ലംഘനങ്ങള്‍ കണ്ടെത്താന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും പൊതുസ്ഥലങ്ങളിലും മറ്റും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.  

       ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാസില്ലാതെ ആരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനങ്ങളിലേക്കു പോലീസിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കപ്പെട്ട സന്ദര്‍ഭം മുതലെടുത്ത് ചിലര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുന്നത് തടയുന്നതിനു നടപടി സ്വീകരിക്കും. ഇതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പാറ, പച്ചമണ്ണ്, ക്രഷര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ അനധികൃത കടത്തും വ്യാജ ചാരായ നിര്‍മാണവും തടയുമെന്നും ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. അനധികൃത കടത്തു നടത്തിയതിനു ഇന്നലെ (11/05/2020) അഞ്ച് ടിപ്പര്‍ ലോറികളും ഒരു ടോറസും പിടികൂടി നടപടിയെടുത്തു. 

         വീടിന്റെ ടെറസില്‍ വ്യാജച്ചാരായം വാറ്റിയതിന് രണ്ടുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. 10 ലിറ്റര്‍ കോടയും ഒന്നര ലിറ്റര്‍ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എസ്.ഐ രാകേഷ് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.

ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ജില്ലയില്‍ തിങ്കള്‍ വൈകിട്ട് മുതല്‍ ചൊവ്വ  വൈകിട്ട് നാലുവരെ 186 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 206 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 152 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.