ഇരവിപേരൂരില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചു

post

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എല്ലാവരെയും കൃഷിയിലേക്ക് എത്തിക്കുന്നതിനും അതിലൂടെ ഉത്പാദന വര്‍ദ്ധനവും ലക്ഷ്യംവെച്ച് പദ്ധതികളെ പുനക്രമീകരിച്ചും സംഘാടനം ഒരുക്കിയും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നൂര്‍ നഴ്സറിയില്‍ പാകി കിളിപ്പിച്ച 42,000 പച്ചക്കറി തൈകളുടെ വിതരണം വീണാ ജോര്‍ജ്ജ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ വാര്‍ഡുതല നിര്‍വഹണം ഉപദേശക സമിതിക്കാണ്. കൃഷിക്കാവശ്യമായ വിത്തിനങ്ങളെ പ്രാദേശികമായി സംഭരിക്കാനും ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കാനും സാധ്യമാകുന്നിടത്തോളം ഇടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി പറഞ്ഞു. ഇതോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പഞ്ചായത്തുതല ഉപദേശകസമതി രൂപീകരണയോഗത്തില്‍ പ്രസിഡന്റ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.