അടൂര്‍ മണ്ഡലത്തില്‍ ആറു കോവിഡ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

post

പത്തനംതിട്ട : ഇതരസംസ്ഥാനങ്ങളില്‍ നിന്നും അടൂരില്‍ എത്തിയ 66 പേരെ കോവിഡ് കെയര്‍ സെന്ററില്‍ താമസിപ്പിച്ചു തുടങ്ങിയെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. പന്തളം എസ്എം ലോഡ്ജ്, തുമ്പമണ്‍ ജെപിസി, അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്റര്‍, എസ്എന്‍ഐടി ഹോസ്റ്റല്‍, മണക്കാലാ കെങ്കയല്‍ ലോഡ്ജ്, പറന്തല്‍ ബൈബിള്‍ കോളജ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

അടൂര്‍ സൈലന്റ് വാലി, പള്ളിക്കല്‍ ചേന്നമ്പള്ളില്‍ എസ്.എം. ലോഡ്ജ്, അടൂര്‍ ഏയ്ഞ്ചല്‍ ലേഡീസ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലും ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ആവശ്യമായ എല്ലാ സംവിധാനവും ഏര്‍പ്പെടുത്തിയതായി എംഎല്‍എ പറഞ്ഞു.

ഇതുകൂടാതെ എല്ലാ പഞ്ചായത്തുകളിലും വീടുകളില്‍ നിരീക്ഷണത്തില്‍ ആളുകള്‍ കഴിയുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്ന എസ്എന്‍ഐടി ഹോസ്റ്റല്‍(39 പേര്‍) എംഎല്‍എ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി എംഎല്‍എ ചര്‍ച്ച നടത്തി. എല്ലായിടത്തും സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. വീടുകളില്‍ കഴിയുന്നവരെ പ്രത്യേകം ശ്രദ്ധിക്കുന്നതിന് പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലുമുള്ള നിരീക്ഷണ സമിതികള്‍ അടിയന്തിരമായി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അഭ്യര്‍ഥിച്ചു.