കടുവയെ പിടിക്കാന്‍ പഴുതടച്ച ക്രമീകരണം ഏര്‍പ്പെടുത്തി: മന്ത്രി കെ. രാജു

post

പത്തനംതിട്ട : കോന്നി തണ്ണിത്തോട്ടില്‍ ഭീതി വിതച്ച കടുവയെ പിടിക്കാന്‍ പഴുതടച്ച ക്രമീകരണം ഏര്‍പ്പെടുത്തിയെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കടുവ കടിച്ചുകൊന്ന സ്ഥലം സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുലിയാണോ കടുവയാണോ ആക്രമിച്ചതെന്ന സംശയം നിലനില്‍ക്കുന്നുണ്ടായിരുന്നു. തണ്ണിത്തോട് സി.ഐ. അയ്യൂബ് ഖാന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഏര്‍പ്പെടുത്തി തിരച്ചില്‍ നടത്തിയതോടെ ആക്രമണം ഉണ്ടായ പ്രദേശത്തു നിന്നും 400 മീറ്റര്‍ അകലത്തില്‍ കടുവയെ കണ്ടെത്തി. കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി നിലവില്‍ വിവിധ ഇടങ്ങളിലായി തേക്കടി ടൈഗര്‍ മോണിറ്ററിംഗ് സെല്ലിന്റെ സഹായത്തോടെ 20 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആങ്ങമൂഴി, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നും കടുവയെ പിടിക്കുന്നതിനായി  രണ്ടു കൂടുകള്‍ എത്തിച്ച് തീറ്റയ്ക്കായി ആടിനെയും ക്രമീകരിച്ചു. കടുവ പ്രദേശത്തു തന്നെ ഉള്ളതിനാല്‍ ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോട്ടയം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.ജെ. കിഷോര്‍ കുമാര്‍, കോന്നി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ശ്യാം ചന്ദ്രന്‍ എന്നിവരുടെ സഹായത്തോടെ വനം വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന് വെടിവയ്പ് വിദഗ്ധനായ ഡോ. അരുണ്‍ സക്കറിയ വയനാട്ടില്‍ നിന്നും തിരിച്ചിട്ടുണ്ട്. കടുവയെ പിടിക്കുന്നതിനുള്ള രണ്ടു കൂടുകളും കുങ്കി ആനയെയും എത്തിക്കും. കടുവ കൂട്ടില്‍ കയറുന്നില്ലെങ്കില്‍ മയക്കു വെടിവയ്ക്കുന്നതിനാണ് സംഘം തയാറെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പിന്റെ തേക്കടി, റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മനുഷ്യനോടുള്ള അക്രമണം തുടരുകയും, പിടിക്കാന്‍ കഴിയാതെയും വന്നാല്‍ കടുവയെ വെടിവച്ചു കൊലപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ മന്ത്രി ചുമതലപ്പെടുത്തി. അതിര്‍ത്തിയില്‍ വനം വകുപ്പ് സോളാര്‍ ഫെന്‍സിംഗ് ഉടന്‍ സ്ഥാപിക്കും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഇതിന്റെ പരിപാലന ചുമതല ഏറ്റെടുത്ത് നടപ്പിലാക്കണം.  തോട്ടത്തിലെ അടിക്കാടുകള്‍ ഉടന്‍ തെളിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക്  മന്ത്രി നിര്‍ദേശം നല്‍കി.

ജനങ്ങള്‍ ജീവഭയത്തിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകണമെന്നും കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കണമെന്ന് രാജു എബ്രഹാം എംഎല്‍എയും ആവശ്യപ്പെട്ടു.  സന്ദര്‍ശനത്തിനു ശേഷം തണ്ണിത്തോട് പഞ്ചായത്ത് ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എമാര്‍.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തണ്ണിത്തോട് എസ്റ്റേറ്റിലെ മേടപ്പാറ- സി ഡിവിഷനില്‍ റബ്ബര്‍മരം സ്ലോട്ടര്‍ ടാപ്പിംഗിനായി ടെന്‍ഡറെടുത്ത് സ്വയം ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന ബിനീഷ് മാത്യുവിനെയാണ് കടുവ  കൊലപ്പെടുത്തിയത്. ഉപജീവന മാര്‍ഗത്തിനായി എത്തി മരണപ്പെട്ട ബിനീഷ് മാത്യുവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കും. അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ അഞ്ചു ലക്ഷം രൂപ ഭാര്യയ്ക്കു നല്‍കും. ബാക്കി അഞ്ചു ലക്ഷം രൂപ മാതാവിനും കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

2019 അവസാനത്തോടെ 1000 മരങ്ങള്‍ സ്ലോട്ടര്‍ എടുത്ത ആളാണ് ബിനീഷ്. 2022 ജനുവരിയോടുകൂടി സ്്‌ളോട്ടര്‍ കാലാവധി അവസാനിക്കുകയുള്ളൂ. ബിനീഷിന്റെ വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷമായതേ ഉള്ളെന്നും ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും തണ്ണിത്തോട് സിഐ മന്ത്രിയെ അറിയിച്ചു.

വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, ദക്ഷിണമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയ് കുമാര്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍, പ്ലാന്റേഷന്‍ തൊഴിലാളി യൂണിയന്‍ നേതാക്കളായ പ്രൊഫ. മോഹന്‍കുമാര്‍, പി.ആര്‍.ഗോപിനാഥന്‍ ഡിഎഫ്ഒമാരായ എം.ഉണ്ണികൃഷ്ണന്‍, ശ്യാം മോഹന്‍ ലാല്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മരണപ്പെട്ട ബിനീഷ് മാത്യുവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ 

കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട ബിനീഷ് മാത്യുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനൊപ്പം ഭാര്യയ്ക്ക് ജോലിയും നല്‍കണമെന്ന്  കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവിനോട് അഭ്യര്‍ഥിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തിലാണ് എംഎല്‍എ ഈ ആവശ്യം ഉന്നയിച്ചത്.

       ലോക്ക്ഡൗണ്‍ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ബിനീഷ് മാത്യുവിനും ഗര്‍ഭിണി കൂടിയായ ഭാര്യയ്ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സൗജന്യ റേഷന്‍ ലഭിച്ചിരുന്നില്ല. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തക പട്ടിണിയിലായ കുടുംബത്തെയാണ് കണ്ടത്. ഒരു ദിവസം മുന്‍പ് പാചകം ചെയ്ത കഴിക്കാന്‍ യോഗ്യമല്ലാത്ത ചക്ക മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയ അരിയും, മറ്റു സാധനങ്ങളും ഉപയോഗിച്ചാണ് ഈ കുടുംബം കഴിഞ്ഞത്.

    ജോലിക്കാരനെ വച്ച് ടാപ്പിംഗ് നടത്താന്‍ പണമില്ലാതിരുന്നതിനാലാണ് ബിനീഷ് സ്വന്തമായി ടാപ്പിംഗിന് പോയത്. ബിനീഷിനെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയതോടു കൂടി കുടുംബത്തിന് ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.

     പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജോലി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനോടും, എംഡിയോടും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.