അടൂരില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമായി

post

പത്തനംതിട്ട  : വിദേശത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നും അടൂര്‍ മണ്ഡലത്തില്‍ എത്തിച്ചേരുന്നവരെ പാര്‍പ്പിക്കാനുള്ള കോവിഡ് 19 കെയര്‍ സെന്ററുകള്‍ സജ്ജമായതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. അടൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ആദ്യഘട്ടത്തില്‍ 22 സെന്ററുകള്‍ തയാറായിട്ടുണ്ട്. രണ്ടു വീതം ഉദ്യോഗസ്ഥരെ ഇവിടേക്ക് നിശ്ചയിച്ചു കഴിഞ്ഞു. 

കോവിഡ് 19 കെയര്‍ സെന്ററുകളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തു. ക്യാമ്പുകളില്‍ എത്താതെ വീടുകളില്‍ പോയി താമസിച്ചവര്‍ ഉണ്ടെങ്കില്‍ അത്തരം വീടുകള്‍ പൂര്‍ണമായും നിരീക്ഷണ കേന്ദ്രങ്ങളാക്കുന്നതിന് യോഗം തീരുമാനിച്ചു. എല്ലാ കോവിഡ് കെയര്‍ സെന്ററുകളും പഞ്ചായത്ത് സെക്രട്ടറി, പിഎച്ച്‌സികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷനായുള്ള പഞ്ചായത്ത് നിരീക്ഷണ സമിതികള്‍ മേയ് 10ന് അകം രൂപീകരിക്കണം. വാര്‍ഡ് മെമ്പര്‍മാര്‍ അധ്യക്ഷനായുള്ള വാര്‍ഡ്തല സമിതികള്‍ ഈമാസം 11ന് അകം രൂപീകരിക്കണം. എല്ലാ സമിതികളിലും പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. കോവിഡ് കെയര്‍ സെന്ററുകളില്‍ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. 

യോഗത്തില്‍ ആര്‍ഡിഒ പി.ടി. എബ്രഹാം, അടൂര്‍ നഗരസഭാ അധ്യക്ഷ സിന്ധു തുളസീധര കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സഖറിയാ വര്‍ഗീസ്, എ.ആര്‍. അജീഷ് കുമാര്‍, ഷൈലാ റെജി, ജി. പ്രസന്നകുമാരി, എസ്. ജയന്തി കുമാരി, രാധാ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.