തൊടുപുഴയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ പൂര്‍ണ്ണ സജ്ജം; ആദ്യ ദിനങ്ങളില്‍ 38 പേരെത്തി

post

ഇടുക്കി : വിദേശത്തു നിന്നും അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയ സാഹചര്യത്തില്‍ തൊടുപുഴയില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനമായി. നിലവില്‍ കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തനം തുടങ്ങിയ പാപ്പൂട്ടി ഹാളില്‍ 15 പേരും വട്ടക്കളം ടൂറിസ്റ്റ് ഹോമില്‍ സ്ത്രീകളായ 13 പേരും വണ്ണപ്പുറം വൃന്ദാവന്‍ ഹോട്ടലില്‍ 3 പേരും മുട്ടം റൈഫിള്‍ ക്ലബ്ബില്‍ 7 പേരും ക്വാറന്റൈനില്‍ താമസിക്കുന്നുന്നു. ഇത് കൂടാതെ സ്ത്രീകള്‍ക്കായി രണ്ടാമത്തെ താമസ സൗകര്യം ഒരുക്കുന്നതിനായി മുട്ടം ഒയാസിസില്‍ ഇന്നു മുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. വിദേശത്തുനിന്നും വരുന്ന ആളുകള്‍ക്കായി സ്വന്തം ചിലവില്‍ താമസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ക്വാറന്റൈനില്‍ താമസിക്കുന്നവര്‍ക്ക് കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭക്ഷണക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ കൂടിയ അടിയന്തിര യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സിസിലി ജോസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാര്‍ട്ടിന്‍ മാത്യു, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം.കെ.ഷാഹുല്‍ ഹമീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിനി ജോഷി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, തൊടുപുഴ ബ്ലോക്ക് ഏകോപന സമിതി കണ്‍വീനര്‍ ഡോ.രേഖ ശ്രീധര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.